District News
പെരിന്തൽമണ്ണ: നഗരത്തിലെ പാലക്കാട് റോഡിൽ കെഎസ്ആർടിസി ഡിപ്പോക്ക് സമീപം താത്കാലിക വസ്ത്രക്കിടയിൽ മോഷണം. കാൽലക്ഷം രൂപയും വസ്ത്രങ്ങളും കവർന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നത്. ഷീറ്റുകൾ കൊണ്ട് മറച്ചും ഷീറ്റ് മേഞ്ഞും നിർമിച്ച ലൂട്ട് മാർക്കറ്റ് എന്ന സീസണൽ വസ്ത്രവ്യാപാരശാലയിലാണ് മോഷണം നടന്നത്. കടയുടെ പിൻഭാഗത്തെ ഷീറ്റ് ഇളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. മോഷ്ടാവിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
നാണയങ്ങൾ അടക്കം 25,000 രൂപ നഷ്ടപ്പെട്ടു. ജെൻസ് വിഭാഗത്തിൽനിന്ന് ഷർട്ടുകൾ, പാന്റ്സുകൾ, കുട്ടികളുടെ വിഭാഗത്തിൽനിന്ന് വിവിധ തരം ഉടുപ്പുകൾ അടക്കം കവർന്നു. റംസാൻ പ്രമാണിച്ച് രാത്രിയിൽ കടയിൽ ജീവനക്കാരില്ലാത്ത സമയത്താണ് മോഷണം. ഉടമയുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി.
District News
നിലമ്പൂർ: നവകിരണം പദ്ധതിയിൽ വനം വകുപ്പിന് ഭൂമി നൽകിയവർക്ക് അഞ്ച് വർഷമായിട്ടും പണമില്ല. ഇതേത്തുടർന്ന് ഇന്നു നിലന്പൂർ വനം നോർത്ത് ഡിവിഷൻ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും.
ചാലിയാർ പഞ്ചായത്തിലെ പൊക്കോട്, വടക്കേപെരുമുണ്ട, തണ്ണിപൊയിൽ, ചെരിയംകുത്ത് മേഖലയിൽനിന്നുള്ള 64 കുടുംബങ്ങളുടെ നേതൃത്വത്തിലാണ് മാർച്ചും ധർണയും നടത്തുന്നത്. രാവിലെ 11ന് നിലന്പൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് വനം ഓഫീസിലേക്ക് നടത്തുന്ന മാർച്ചിൽ സ്ത്രീകൾ ഉൾപ്പടെ പങ്കെടുക്കും.
വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന സ്ഥലങ്ങളാണ് വനംവകുപ്പ് നവകിരണ് പദ്ധതിയിലൂടെ ഏറ്റെടുത്തത്. ഒരു കുടുംബത്തിന് 15 ലക്ഷം രൂപ വീതം നൽകാമെന്ന ഉറപ്പിലാണ് ഈ മേഖലകളിലെ കുടുംബങ്ങൾ ഭൂമിവനം വകുപ്പിന് നൽകാൻ തയാറായത്.
2021 ൽ ഭൂമി നൽകിയവരാണ് അഞ്ചു വർഷമായി തങ്ങളുടെ ഭൂമിയുടെ പണത്തിനായി വനം വകുപ്പിന്റെ വാക്കും വിശ്വസിച്ച് കാത്തിരിക്കുന്നത്. എന്നാൽ ഫണ്ടില്ലാതെ എങ്ങനെ നൽകുമെന്നാണ് വനം വകുപ്പ് ചോദിക്കുന്നത്.
ആദ്യഘട്ടത്തിൽ ഭൂമി നൽകിയ ഏതാനും കുടുംബങ്ങൾക്കു മാത്രമാണ് നിലന്പൂർ മേഖലയിൽ വനം വകുപ്പ് പണം നൽകിയിട്ടുള്ളത്.
വനംവകുപ്പിന് ഭൂമി നൽകിയതോടെ സർക്കാർ ആനുകൂല്യങ്ങളും ഇവർക്ക് നിലവിൽ നഷ്ടമായ അവസ്ഥയിലാണ്. അടിയന്തരമായി തങ്ങളുടെ ഭൂമിയുടെ പണം ലഭിക്കണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം.
District News
മലപ്പുറം: രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം നേടി താനൂർ അർബൻ പ്രൈമറി ഹെൽത്ത് സെന്റർ. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) പരിശോധനയിൽ താനൂർ യുപിഎച്ച്സി 93.15 ശതമാനം മാർക്ക് നേടി. ജനുവരി അഞ്ച്, ആറ് തിയതികളിൽ കേന്ദ്ര ആരോഗ്യവകുപ്പിന്റെ രണ്ടംഗ സംഘം ആശുപത്രിയിൽ നടത്തിയ വിശദ പരിശോധനയെത്തുടർന്നാണ് അംഗീകാരത്തിനായി തെരഞ്ഞെടുത്തത്. ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളില ായി നടത്തിയ വിവിധ മൂല്യനിർണയങ്ങളിലൂടെയാണ് ആശുപത്രികളെ എൻക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.
ഇന്ത്യയിലെ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ആരോഗ്യ മേഖലയിലെ സമഗ്രമായ വികസനത്തിനായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ നടപ്പാക്കുന്ന അക്രെഡിറ്റേഷൻ പദ്ധതിയാണ് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്. ജില്ലാതല ആശുപത്രി മുതൽ താലൂക്ക് ആശുപത്രി, സാമൂഹിക ആരോഗ്യ കേന്ദ്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം, അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, സബ് സെന്റർ വരെയുള്ളആരോഗ്യ സ്ഥാപനങ്ങളിൽ അക്രെഡിറ്റേഷൻ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
അന്തർദേശീയ നിലവാര നിർണയ ഏജൻസിയായ ദി ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ (ഐഎസ്ക്യുഎ) അംഗീകരിച്ചതാണ് എൻക്യുഎഎസ്. ഈ അംഗീകാരം ലഭിച്ചിട്ടുള്ള ആശുപത്രികൾക്കു ഒരു കിടക്കയ്ക്ക് പതിനായിരം രൂപ എന്ന നിലയിലും കിടത്തി ചിത്സയില്ലാത്ത പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും നഗര പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കും രണ്ട് ലക്ഷം രൂപാ വീതം മൂന്നു വർഷത്തേക്ക് ഇൻസെന്റീവ് ലഭിക്കും. മൂന്നു വർഷത്തിനു ശേഷം ദേശീയതലത്തിൽ പുനഃപരിശോധനയും ഉണ്ടാകും.
തീരദേശ ജനതയ്ക്ക് ഏറെ ആശ്വാസം പകരുന്ന ആശുപത്രിയാണ് താനൂർ യുപിഎച്ച്സി. ഒപി വിഭാഗം, ലബോറട്ടറി, ഫാർമസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവർത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗനിയന്ത്രണം, പ്രതിരോധ കുത്തിവയ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങൾ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിർവഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവർത്തനമാണ് അംഗീകാരം ലഭിക്കാൻ കാരണമായത്.
താനൂർ യുപിഎച്ച്സിയിൽ ലാബ് ടെക്നിഷൻ, ഫാർമസിസ്റ്റ് ജീവനക്കാരുടെ സേവനവും മരുന്നുകളുടെ ലഭ്യതയും അധികൃതർ ഉറപ്പുവരുത്തിയിട്ടുണ്ട്. ലബോറട്ടറിയുടെയും ഫാർമസിയുടെയും പ്രവർത്തനം കാര്യക്ഷമാക്കുകയും കണ്സൾട്ടേഷൻ, ഒബ്സർവേഷൻ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും ചെയ്തു.
നഗരസഭയുടെയും എൻഎച്ച്എമ്മിന്റെയും ഫണ്ടുകൾ വിനിയോഗിച്ച് കുത്തിവയ്പിനും മൈനർ സർജറിക്കും കൗണ്സിലിംഗിനുമുള്ള മുറികൾ, മുലയൂട്ടുന്നതിനുള്ള മുറികൾ, ആശുപത്രി മാലിന്യ സംസ്കരണം, ആശുപത്രി ജീവനക്കാർക്ക് വിവിധതരം പരിശീലന പരിപാടികൾ, അണുനശീകരണ സംവിധാനങ്ങൾ, കൗമാരാരോഗ്യ ക്ലീനിക്കുകൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുകയും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തു.
District News
പെരിന്തൽമണ്ണ: രണ്ട് കിലോയോളം കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പെരിന്തൽമണ്ണ എക്സൈസ് സംഘം പിടികൂടി. ബംഗാൾ മിലോണ് സർക്കാറിനെ (31) യാണ് പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപ് അറസ്റ്റ് ചെയ്തത്. കൂട്ടിലങ്ങാടി - പടിഞ്ഞാറ്റുംമുറിയിൽ കഞ്ചാവ് വിൽപ്പയ്നക്ക് ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്.
യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് കൂട്ടിലങ്ങാടി, രാമപുരം, മങ്കട, പള്ളിപ്പുറം, പടിഞ്ഞാറ്റുംമുറി, മലപ്പുറം എന്നിവിടങ്ങളിലാണ് ഇയാൾ കഞ്ചാവ് വിൽക്കുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വിൽപ്പന നടത്താറുണ്ടെന്ന് ഇയാൾ എക്സൈസിനോട് സമ്മതിച്ചു.
കഞ്ചാവ് ഉറവിടത്തെക്കുറിച്ച് പെരിന്തൽമണ്ണ എക്സൈസ് സംഘം അന്വേഷണം നടത്തി വരികയാണ്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് റിയാസ്, നിബുണ്, പുഷ്പരാജ് എന്നിവരുണ്ടായിരുന്നു.
District News
കരുവാരകുണ്ട്: തുവൂരിലെ റോഡ് സംഗമസ്ഥാനത്ത് കാഴ്ചയൊരുക്കി കോണ്വെക്സ് കണ്ണാടി സ്ഥാപിച്ച് മാതൃകയായി ഡിവൈഎഫ്ഐ. തുവൂർ ഭാഗത്തെ പ്രധാന പാതകൾ സംഗമിക്കുന്ന ഭാഗത്ത് അപകടഭീതി ഒഴിവാക്കാനാണ് സുരക്ഷാ കണ്ണാടി സ്ഥാപിച്ചത്. തുവൂർ ഐലാശേരി റോഡ്, കമാനം ടിപ്പുസുൽത്താൻ റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവ കൂടിച്ചേരുന്ന ഭാഗത്താണ് കണ്ണാടി സ്ഥാപിച്ചത്.
വിവിധ ദിശകളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയാത്ത ബ്ലൈൻഡ് സ്പോട്ടിൽ കണ്ണാടി സ്ഥാപിച്ചതിലൂടെ ഡ്രൈവർമാർക്ക് എളുപ്പത്തിൽ വാഹനങ്ങൾ ശ്രദ്ധിക്കാൻ സാധിക്കും.
ഈ കവലയിൽ മുന്പുണ്ടായിട്ടുള്ള അപകടങ്ങൾ മുന്നിൽ കണ്ടാണ് ഇത്തരമൊരു ഇടപെടൽ നടത്തിയത്. ഡിവൈഎഫ്ഐ റെയിൽവേ യൂണിറ്റിന്റെ കീഴിൽ നടന്ന സുരക്ഷാ കണ്ണാടി സ്ഥാപിക്കലിന് ഒന്നാം വാർഡ് മെംബർ അനീസ് നേതൃത്വം നൽകി.
District News
പെരിന്തൽമണ്ണ: കോഴി വളർത്തൽ കാർഷിക മേഖലയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരള പൗൾട്രി ഫാം അസോസിയേഷൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നിവേദനം നൽകി. കോഴിഫാം ഷെഡുകൾക്ക് ഏർപ്പെടുത്തിയ വണ് ടൈം നികുതി എന്ന ആഢംബര നികുതി പോലെയുള്ള അശാസ്ത്രീയമായ നികുതികൾക്കെതിരേ റവന്യൂമന്ത്രി കെ. രാജനും നിവേദം നൽകി.
അശാസ്ത്രീയനിയമവും നികുതികളും കാരണം നൂറുക്കണക്കിന് കർഷകരാണ് കോഴി വളർത്തൽ മേഖലയിൽ നിന്ന് പിൻമാറുന്നതെന്ന് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ഫാം ലൈസൻസ് ചട്ടങ്ങളിൽ ഇളവ് വരുത്തുക, ഫാം കെട്ടിടങ്ങളെ എല്ലാവിധ നികുതികളിൽനിന്ന് ഒഴിവാക്കുക എന്നീ പ്രധാന ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.
കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കാദറലി വറ്റലൂർ, സംസ്ഥാന ലീഗൽ അഡ്വൈസർ അഡ്വ. കെ.ടി. ഉമ്മർ, സംസ്ഥാന ചീഫ് കോ ഓർഡിനേറ്റർ സൈദ് മണലായ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
District News
മലപ്പുറം: മലപ്പുറത്തിന്റെ ദാഹം തീർക്കാനുള്ള നാന്പ്രാണി തടയണ മേയ് ആദ്യവാരം കമ്മീഷൻ ചെയ്യും. കടലുണ്ടിപ്പുഴയ്ക്ക് കുറുകേ തടയണയുടെ നിർമാണം അവസാന ഘട്ടത്തിലാണ്. വേനൽമഴ ചതിച്ചില്ലെങ്കിൽ ഏപ്രിൽ അവസാനത്തോടെ നിർമാണം പൂർത്തീകരിക്കുമെന്ന് കരാറുകാരൻ അറിയിച്ചു.
നഗരസഭാ ചെയർപേഴ്സണ് വി. റിനിഷയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പദ്ധതി പ്രവർത്തനം അവലോകനം ചെയ്തു. കേന്ദ്ര സർക്കാരിന്റെ നഗരസഞ്ചയം പദ്ധതിയിൽ 21.90 കോടി രൂപയാണ് നാന്പ്രാണി തടയണയ്ക്ക് അനുവദിച്ചത്.
എന്നാൽ നഗരസഞ്ചയ പദ്ധതിയിൽ2024-25 വർഷത്തിൽ ഫണ്ട് ലഭ്യമായിട്ടില്ല. അതിനാൽ നിർമാണം പൂർത്തീകരിച്ച് കമ്മീഷൻ ചെയ്യാൻ ആവശ്യമായ ബാക്കിവരുന്ന 5.5 കോടി രൂപ നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് അനുവദിക്കാനാണ് തീരുമാനം.
യോഗത്തിൽ ഡപ്യൂട്ടി ചെയർപേഴ്സണ് ജിതേഷ് ജി. അനിൽ, സ്ഥിരം സമിതി ചെയർപേഴ്സണ്മാരായ ഹാരിസ് ആമിയൻ, പരി അബ്ദുൾ മജീദ്, ആബിദ എട്ടുവീട്ടിൽ, കൗണ്സിലർ കെ.കെ. ഉമ്മർ, ഇറിഗേഷൻ വിഭാഗം അസിസ്റ്റന്റ് എൻജിനിയർ ഷെബീബ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസം ചെയർപേഴ്സന്റെ നേതൃത്വത്തിൽ കൗണ്സിലർമാരുടെ സംഘം നാന്പ്രാണി തടയണപ്രദേശം സന്ദർശിച്ചിരുന്നു.
District News
പെരിന്തൽമണ്ണ: റംസാൻ നോന്പ് കാലങ്ങളിൽ പെരിന്തൽമണ്ണ സിഎച്ച് സെന്റർ നടത്തിവരാറുള്ള പെരിന്തൽമണ്ണ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ചുള്ള സൗജന്യ ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നോന്പ് ഇല്ലാത്തവർക്കും മൂന്ന് നേരങ്ങളിൽ നൽകുന്ന സൗജന്യ ഭക്ഷണ വിതരണമാണ് കഴിഞ്ഞ ദിവസം ആരംഭിച്ചത്. നോന്പുള്ളവർക്ക് ഇഫ്താറും പുലർച്ചെയുള്ള ഭക്ഷണവും നോന്പില്ലാത്തവർക്കുള്ള രാത്രിഭക്ഷണവും ഇനി 30 ദിവസങ്ങളിൽ നൽകും.
ഈ വർഷം സിഎച്ച് സെന്റർ കേന്ദ്രീകരിച്ച് ടൗണിലുള്ള ആളുകൾക്കും പ്രത്യേക ഇഫ്താറും സംഘടിപ്പിച്ചിട്ടുണ്ടെന്ന് തങ്ങൾ പറഞ്ഞു. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് രോഗികളുടെ ചെലവ് ഇനി മുതൽ ഡയാലിസിസ് യൂണിറ്റ് തുറക്കുന്നത് വരെ സിഎച്ച് സെന്റർ ഏറ്റെടുത്തത് വലിയ കാര്യമാണെന്നും ഭാരവാഹികളെ അഭിനന്ദിക്കുന്നതായും തങ്ങൾ പറഞ്ഞു.
ജനറൽ സെക്രട്ടറി എ.കെ. മുസ്തഫ, നജീബ് കാന്തപുരം എംഎൽഎ, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ, അഡ്വ. നാലകത്ത് സൂപ്പി, എ.കെ. നാസർ, എസ്. അബ്ദുസലാം, എം.എസ്. അലവി, തച്ചനാട്ടുകര റഷീദ് ആലായൻ തുടങ്ങിയവർ പങ്കെടുത്തു. ഡിസിസി ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ എം.എം. സക്കീറിനെ സാദിഖലി തങ്ങൾ അഭിനന്ദിച്ചു.
Kerala
മലപ്പുറം: ആതവനാട് മിനിലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ഡ്രൈവറുടെ സഹായി മുസ്തഫയാണ് മരിച്ചത്. ലോറിയുടെ ക്യാബിനുള്ളിൽനിന്നാണ് മൃതദേഹം കണ്ടെത്തിത്.
ഏഴ് മണിക്കൂർ നീണ്ടുനിന്ന പരിശ്രമങ്ങൾക്കൊടുവിലാണ് ലോറി വെള്ളത്തിൽനിന്നും ഉയർത്താനായത്. അപകടത്തിൽ ലോറി ഡ്രൈവർ ജാഫർ പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ആതവനാട് ഊരോത്ത്പള്ളിയാലിലാണ് അപകടം ഉണ്ടായത്. നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ലോറി വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു.
ലോറി പൂർണമായും വെള്ളത്തിൽ മുങ്ങിത്താഴ്ന്നിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
District News
നിലമ്പൂർ: മലയോര മേഖലയിൽ ഒരു കാലത്ത് സുലഭമായി വിളഞ്ഞിരുന്ന കശുവണ്ടി ഇന്നിപ്പോൾ നാമമാത്രം. കാലാവസ്ഥ വ്യതിയാനവും വില കിട്ടുന്നതിൽ സർക്കാരിൽ നിന്നുള്ള പിന്തുണയില്ലായ്മയുമാണ് ഈ നാണ്യവിള കൃഷിക്ക് തിരിച്ചടിയായത്. ജില്ലയുടെ മലയോര മേഖലകളിൽ വ്യാപിച്ചു കിടന്നിരുന്ന കശുമാവ് തോട്ടങ്ങളിൽ റബർ ഉൾപ്പടെയുള്ളവ കൃഷിയാണ് വ്യാപകമായിട്ടുള്ളത്.
നിലമ്പൂർ, എടവണ്ണ, കരുവാരക്കുണ്ട് മേഖലകളിൽ ഒരു കാലത്ത് കശുവണ്ടി കൃഷി സജീവമായിരുന്നു. അക്കാലങ്ങളിൽ ലോഡ് കണക്കിന് കശുവണ്ടിയാണ് ഓരോ ദിവസവും കൊല്ലത്തെ ഫാക്ടറികളിലേക്ക് കൊണ്ടുപോയിരുന്നത്. എന്നാലിപ്പോൾ ആഴ്ചയിൽ നാമമാത്രമായ ലോഡ് മാത്രമാണ് കയറ്റി അയയ്ക്കുന്നത്.
നിലവിൽ കിലോയ്ക്ക് 140 രൂപയ്ക്കാണ് കശുവണ്ടി കർഷകരിൽനിന്ന് വ്യാപാരികൾ വാങ്ങുന്നത്. വരും ദിവസങ്ങളിൽ ഇത് 160 രൂപ വരെയായി ഉയരാൻ സാധ്യതയുണ്ട്. സർക്കാർ കശുമാവ് കൃഷിയെ പ്രോത്സാഹിപ്പിക്കാൻ വിവിധ പദ്ധതികൾ ഇടക്കാലത്ത് കൊണ്ടുവന്നെങ്കിലും കർഷകർ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഈ മേഖലയിലേക്ക് വരാൻ മടിക്കുകയാണ്.
കശുവണ്ടിക്ക് 200 രൂപയെങ്കിലും തറവില പ്രഖ്യാപിച്ചാൽ ഈ മേഖലയിൽ ഉണർവുണ്ടാകുമെന്നാണ് കർഷകരുടെ പക്ഷം.
District News
മലപ്പുറം: മലപ്പുറം നഗരസഭയുടെ വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന "ഷീ ബസ്’ പദ്ധതിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ അധ്യക്ഷ വി. റിനിഷ, മന്ത്രി കെ.ബി. ഗണേഷ് കുമാറിന് നിവേദനം നൽകി. മലപ്പുറം കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ രണ്ടാംഘട്ട പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു നിവേദനം നൽകിയത്.
മലപ്പുറം നഗരസഭയിൽ സ്ത്രീകൾക്കായി പ്രത്യേകമായി സർവീസ് നടത്താനുദേശിക്കുന്ന ബസാണ് "ഷീ ബസ്’. വിവിധ സർക്കാർ ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലുമായി ജോലി ചെയ്യുന്ന വനിതകൾക്കും സ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥിനികൾക്കും സൗജന്യവും സുരക്ഷിതവുമായ യാത്രാ സൗകര്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് നഗരസഭാ അധ്യക്ഷ അറിയിച്ചു.
നഗരസഭ സാന്പത്തിക പങ്കാളിത്തം ഉറപ്പുവരുത്തുന്ന സാഹചര്യത്തിൽ ബസ് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കാമെന്ന് മന്ത്രി മറുപടി നൽകി. കൂടാതെ, മലപ്പുറം നഗരസഭ ബസ് സ്റ്റാൻഡിലേക്ക് സ്വകാര്യ ബസുകൾ പ്രവേശിക്കാൻ മടിക്കുന്ന സാഹചര്യം പരിഹരിച്ച് സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സ്റ്റാൻഡിൽ പ്രവേശിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും നഗരസഭാ അധ്യക്ഷ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ആർടിഒയ്ക്ക് മന്ത്രി ചടങ്ങിൽ തന്നെ നിർദേശം നൽകി.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിനോട് ചേർന്ന് മഞ്ചേരി ഭാഗത്തേക്കുള്ള ബസ് ബേ നവീകരിക്കുകയും ഫുട്പാത്ത് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന നഗരസഭയുടെ ആവശ്യത്തോടും മന്ത്രി അനുകൂല പ്രതികരണം അറിയിച്ചു.
District News
കാളികാവ്: പരിയങ്ങാട് പുഴയ്ക്കു കുറുകേ വെന്തോടൻപടി മുത്തംതണ്ടിൽ നിർമാണം പൂർത്തിയായ വിസിബിയിൽ ചീപ്പുകൾ മുറുക്കിയതോടെ നാടിന്റെ കുടിവെള്ള ഭീഷണിയും വരൾച്ചയും നേരിടാൻ ശുദ്ധജല തടാകമൊരുങ്ങി. ഒരു ജനതയുടെ ദശാബ്ദങ്ങളായ കാത്തിരിപ്പിനും മുറവിളിക്കുമൊടുവിൽ വിസിബി കം ബ്രിഡ്ജ് നിർമാണം പൂർത്തിയായതോടെയാണ് രണ്ടു പ്രദേശങ്ങളുടെ യാത്രാദുരിതത്തിനും ഒപ്പം വേനൽചൂടിലെ വരൾച്ചാ ഭീഷണിക്കും കുടിവെള്ള പ്രശ്നത്തിനും പരിഹാരമായത്. നൂറുക്കണക്കിന് ആളുകളാണ് വൈകുന്നേരങ്ങളിൽ നീന്തിക്കുളിക്കാനും സല്ലപിക്കാനുമായി ഈ പ്രദേശത്തേക്കെത്തുന്നത്.
ജില്ലാ പഞ്ചായത്ത് 3.85 കോടി രൂപയാണ് പാലവും അപ്രോച്ച് റോഡും നിർമിക്കാനായി വകയിരുത്തിയിരുന്നത്. ഇതിൽ 90 ലക്ഷം രൂപ നീക്കിവച്ച് അപ്രോച്ച് റോഡ് പൂർത്തിയായി വരുന്നുണ്ട്. മേയ് മാസം വരെ നീണ്ടുനിൽക്കുന്ന കനത്ത വേനലിൽ പ്രദേശം വരൾച്ച നേരിടുന്നതും സസ്യലതാദികൾ ഉണങ്ങിക്കരിയുന്നതും കുടിവെള്ളത്തിന് സ്ത്രീകളും കുട്ടികളുമടക്കം പരക്കംപായുന്നതും പതിവുകാഴ്ചയായിരുന്നു.
വിസിബിയിൽ ഷട്ടർ സ്ഥാപിച്ചതോടെ മുകൾ ഭാഗത്തായി അരകിലോമീറ്ററിലധികം ദൂരത്തിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്. പുഴയിൽ വെള്ളമുയർന്നതോടെ നാട്ടുകാർ സന്തോഷത്തിലാണ്. മാളിയേക്കൽ ഉരലൻമട, വെന്തോടൻപടി പ്രദേശങ്ങളിലെ വറ്റിത്തുടങ്ങിയിരുന്ന കിണറുകളിലെ ജലലഭ്യതയും കൂടിയിട്ടുണ്ട്.
നിർമാണം പൂർത്തിയായതോടെ മാളിയേക്കൽ ഭാഗത്ത് നിന്നുള്ളവർക്ക് കാളികാവ്- വണ്ടൂർ ഭാഗത്തേക്കും തിരിച്ചും ദൂരം വളരെ ചുരുങ്ങുകയും വിസിബിയിൽ വെള്ളം ശേഖരിച്ചതിലൂടെ പ്രദേശത്തെ വരൾച്ചക്ക് പരിഹാരമാവുകയും ചെയ്തു. നേരത്തേ ഇവിടെ പഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമിച്ച കോണ്ക്രീറ്റ് നടപ്പാലമുണ്ടായിരുന്നു.
2019ലെ പ്രളയത്തിൽ അത് ഒലിച്ചുപോയി. പിന്നീട് പട്ടാളം താത്കാലികമായി നിർമിച്ച പാലവും നിർമാണം പൂർത്തിയായതിന്റെ പിറ്റേന്നത്തെ കനത്ത മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. അതോടെ കാൽനടയാത്രയും മുടങ്ങി. തുടർന്ന് ജില്ലാ പഞ്ചായത്ത് ഇടപെട്ടാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
ഇപ്പോഴത്തെ കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ മേഖലയെ കൂടി പ്രതിനിധീകരിച്ച് കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് അംഗമായിരിക്കുന്പോഴാണ് വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടത്തിന്റെ കൂടി സഹകരണത്തോടെ ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് വിസിബി കം ബ്രിഡ്ജ് നിർമിച്ചിട്ടുള്ളത്. കാളികാവ് പഞ്ചായത്തിൽപ്പെട്ട ഒരു പ്രദേശത്തിന്റെ യാത്രാ ദുരിതത്തിനും കുടിവെള്ളം അടക്കമുള്ള ജലലഭ്യതക്കുറവിനും പരിഹാരം കണ്ടെത്താനായതിൽ സന്തോഷമുണ്ടെന്ന് ബ്ലോക്ക് പ്രസിഡന്റ് വി.പി. ജസീറ ദീപികയോടു പറഞ്ഞു.
District News
അങ്ങാടിപ്പുറം: നിലന്പൂർ- ഷൊർണൂർ പാതയിലെ പ്രധാന സ്റ്റേഷനുകളിലൊന്നായ അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് സൗകര്യം ഒരുങ്ങുന്നു. പ്രായാധിക്യമുള്ളവർക്കും ഭിന്നശേഷിക്കാർക്കും യാത്രാസൗകര്യം ഒരുക്കാൻ ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള സ്റ്റേഷൻ നവീകരണ പ്രവൃത്തിയുടെ ഭാഗമായാണിത്.
ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് രണ്ടാം പ്ലാറ്റ്ഫോമിലേക്കുള്ള ഫൂട്ട്പാത്തിനോട് ചേർന്നാണ് ലിഫ്റ്റുകൾ സ്ഥാപിക്കുന്നത്. കുലുക്കല്ലൂർ -മേലാറ്റൂർ ഭാഗങ്ങളിലെ ക്രോസിംഗ് സ്റ്റേഷനുകളുടെ നിർമാണ പ്രവൃത്തി പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിനുകൾ പാതയിലൂടെ സർവീസ് തുടങ്ങും.
District News
മഞ്ചേരി: നിയമക്കുരുക്കിൽപ്പെട്ട് അനിശ്ചിതത്വത്തിലായ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രി വികസനത്തിന് വഴിതുറന്ന് കോടതി വിധി. ആശുപത്രിയുടെ സമഗ്ര വികസനത്തിനായി സമീപത്തെ അഞ്ച് ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി സ്റ്റേ നീക്കി ഭൂമിയേറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് അനുമതി നൽകി.
ഇതോടെ മാസ്റ്റർ പ്ലാൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള സാഹചര്യമൊരുങ്ങി. ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന ഭൂമി, നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമല്ലെന്ന ചില ഭൂവുടമകളുടെ വാദം തള്ളിക്കൊണ്ടാണ് കോടതി നടപടി. നിർദിഷ്ട ഭൂമി പരിശോധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണിത്.
അതേസമയം പരാതിക്കാരിൽ ഒരാൾ ഉന്നയിച്ച ആശങ്കകൾ അനുഭാവപൂർവം പരിഗണിക്കണമെന്നും ചർച്ചകളിലൂടെ പ്രശ്ന പരിഹാരത്തിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
ഇക്കാര്യത്തിൽ തുടർ നടപടികൾക്ക് കോടതി മലപ്പുറം കളക്ടറെ ചുമതലപ്പെടുത്തി. വിധി അനുകൂലമായ സാഹചര്യത്തിൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിക്കുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. നടപടികൾ എത്രയും വേഗം പുനരാരംഭിക്കാൻ കളക്ടർക്ക് ഒൗദ്യോഗികമായി കത്ത് നൽകിയതായും ഇവർ വ്യക്തമാക്കി.
2019-20 സാന്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമിയേറ്റെടുക്കുന്നതിനായി 13 കോടി രൂപ സർക്കാർ വകയിരുത്തിയിരുന്നു.ഇതിൽനിന്ന് 50 ലക്ഷത്തോളം രൂപ ചെലവഴിച്ച് സർവേ ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാക്കിയതാണ്. ഏറ്റെടുക്കൽ നടപടികൾ അവസാന ഘട്ടത്തിൽ എത്തിനിൽക്കെയായിരുന്നു ഭൂവുടമകൾ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയത്.
District News
മലപ്പുറം: വാഴക്കാട് മുടക്കോഴിമലയിൽ 2024 മേയ് 22നുണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്ക് നാശനഷ്ടം സംഭവിക്കാനിടയായ സാഹചര്യത്തിൽ ദുരന്തനിവാരണ നിയമത്തിലെ പ്രത്യേക അധികാരങ്ങൾ ഉപയോഗപ്പെടുത്തി പ്രദേശത്തെ അപകടാവസ്ഥ അടിയന്തരമായി പരിഹരിക്കാൻ ജില്ലാ കളക്ടർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
മുടക്കോഴിമലയിൽനിന്ന് വെള്ളം സുരക്ഷിതമായി ഒഴുക്കിവിടുന്നതിനായി തഹസിൽദാർ ശിപാർശ ചെയ്ത പ്രകാരം 200 മീറ്റർ ദൂരത്തിൽ ഡ്രൈനേജ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ കർശന നിർദേശം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
ഇതിനാവശ്യമായ ഫണ്ട് തദ്ദേശ വകുപ്പിൽ നിന്നോ ദുരന്തനിവാരണ അഥോറിറ്റിയിൽ നിന്നോ കണ്ടെത്തണം. അനധികൃത ഖനനം നടത്തിയവർക്കെതിരേ ജിയോളജി വകുപ്പ് സ്വീകരിച്ച നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കി അവരിൽനിന്ന് ഈടാക്കുന്ന തുക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കണം.
കൂടാതെ വീടുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണം. അപകടഭീഷണി നേരിടുന്ന കുടുംബങ്ങളുടെ പുനരധിവാസമോ ഇല്ലെങ്കിൽ വീടുകളുടെ സുരക്ഷ ഉറപ്പാക്കാനുള്ള സംരക്ഷണഭിത്തിയോ നിർമിക്കണം.
ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ കളക്ടർ രണ്ടു മാസത്തിനുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണം. പ്രദേശത്ത് നടന്ന അശാസ്ത്രീയവും അനധികൃതവുമായ ചെങ്കൽ ഖനനവും മലമുകളിൽ നിന്നുള്ള മഴവെള്ളം ശാസ്ത്രീയമായി ഒഴുക്കിവിടുന്നതിനുള്ള ഡ്രൈനേജ് സംവിധാനങ്ങളുടെ അഭാവവുമാണ് ദുരന്തത്തിന് പ്രധാന കാരണമെന്ന് കമ്മീഷൻ നിരീക്ഷിച്ചു.
പരാതിക്കാരനായ ചെറുവായൂർ സ്വദേശി അൻവർ ഷെരീഫിന്റെ വീടിന് 16 ശതമാനം നാശനഷ്ടം സംഭവിച്ചതായി കണക്കാക്കിയിട്ടുണ്ടെങ്കിലും സംരക്ഷണഭിത്തിയുടെ തകർച്ച പരിഹരിക്കാൻ
എസ്ഡിആർഎഫ് മാനദണ്ഡങ്ങൾ തടസമാണെന്ന റിപ്പോർട്ട് യുക്തിസഹമല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ഭരണഘടനാപരമായ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് ഇവിടെ നടക്കുന്നതെന്നും ഉത്തരവിൽ പറഞ്ഞു. ദുരന്തത്തിൽ വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകി സംരക്ഷണഭിത്തികൾ കെട്ടി സുരക്ഷിതതാമസം ഒരുക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
District News
നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടർക്കെതിരായ പരാതി വാസ്തവവിരുദ്ധമെന്ന് തെളിയുന്നു. ഡോക്ടർക്കെതിരായ പരാതി വ്യക്തിവിരോധം തീർക്കാൻ കെട്ടിച്ചമച്ചതാണെന്നും വിവരങ്ങൾ തരുന്നതിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും പരാതിക്കാരൻ എത്തിയില്ലെന്നും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
പലതവണ ശ്രമിച്ചിട്ടും പരാതിക്കാരനെ ബന്ധപ്പെടാനായില്ലെന്നാണ് വിഷയത്തിൽ ഡിഎംഒ റിപ്പോർട്ട് സമർപ്പിച്ചത്. ആശുപത്രി സൂപ്രണ്ട് ചുമതലയുള്ളയാൾക്കെതിരേ തൊഴിലിടത്തെ ലൈംഗികാതിക്രമം തടയൽ നിയമപ്രകാരം ഐഎംഎ, ആരോഗ്യ വകുപ്പ് സെക്രട്ടറി, ഡിഎംഒ തുടങ്ങിയവർക്ക് പരാതി നൽകിയതിന്റെ വൈരാഗ്യത്തിലാണ് തനിക്കെതിരേ വ്യാജപരാതി ഉന്നയിച്ചതെന്ന് ഡോ. ലക്ഷ്മി രാജ്മോഹൻ പറഞ്ഞു.
ആശുപത്രി സൂപ്രണ്ട് രൂപീകരിച്ച സമിതി റിപ്പോർട്ട് അടിസ്ഥാനരഹിതമാണെന്നും സൂപ്രണ്ടിനെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്നും ഡോക്ടർ പറഞ്ഞു.
District News
കുളത്തൂർ: മങ്കട ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നിർമിക്കുന്ന അക്കാഡമിക് ബ്ലോക്കിന്റെ ശിലാസ്ഥാപനവും സംരക്ഷണ ഭിത്തിയുടെ സമർപ്പണവും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഓണ്ലൈനിൽ നിർവഹിച്ചു. സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ കോളജുകൾക്ക് അനുവദിച്ച വ്യത്യസ്ത പദ്ധതികൾ ഒന്നിച്ച് മന്ത്രി ഉദ്ഘാടനം ചെയ്യുകയായിരുന്നു.
സംസ്ഥാനത്തെ ഉന്നത കലാലയങ്ങളെ ലോകോത്തര നിലവാരം പുലർത്തുന്ന കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി അനുവദിച്ച 8.66 കോടി രൂപ ചെലവിൽ ഉൗരാളുങ്കൽ കന്പനിയാണ് നിർമാണം നടത്തുന്നത്. പ്ലാൻ ഫണ്ടിൽനിന്ന്് 99 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലെ കോളജ് കെട്ടിടത്തിന് മുന്നിൽ സംരക്ഷണഭിത്തി നിർമിച്ചത്.
മഞ്ഞളാംകുഴി അലി എംഎൽഎ ശിലാസ്ഥാപന ഫലക പ്രകാശനം ചെയ്തു. മങ്കട കോളജിലെ അധ്യാപകരും ഉദ്യോഗസ്ഥരും നടത്തിയ ശ്രമഫലമാണ് പുതിയ പദ്ധതികൾ ഇവിടെ എത്തിച്ചതെന്നും കൂട്ടായ പ്രവർത്തനങ്ങൾ നിലനിർത്തണമെന്നും എംഎൽഎ പറഞ്ഞു.
മൂർക്കനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നഫ്ല, ജില്ലാ പഞ്ചായത്ത് അംഗം ഫൗസിയ പെരുന്പള്ളി, മങ്കട ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി ശശികുമാർ, മൂർക്കനാട് പഞ്ചായത്ത് അംഗം നഫീസ, മുൻ വൈസ് പ്രസിഡന്റ്് പി. അബ്ദുൾ മുനീർ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് അടച്ചതുകാരണം സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികളുടെ ഡയാലിസിസ് ചെലവ് പെരിന്തൽമണ്ണ സിഎച്ച് സെന്റർ വഹിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി മാനേജിംഗ് കമ്മിറ്റി ചെയർമാനുമായ പി.എ. ജബ്ബാർഹാജിയാണ് എച്ച്എംസി മുന്പാകെ സിഎച്ച് സെന്റർ ഇതിനായി മുന്നോട്ടുവരണമെന്ന നിർദേശം നൽകിയത്.
എച്ച്എംസി യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സിഎച്ച് സെന്ററിനോട് ഇതേക്കുറിച്ച് വിശദാംശങ്ങൾ തേടുകയായിരുന്നു. ഇതനുസരിച്ച് 19 മുതൽ സ്വകാര്യ ആശുപത്രികളിൽ ഡയാലിസിസ് ചെയ്യുന്നവരുടെ ചെലവ് നൽകുവാൻ തീരുമാനിച്ചു.
31 ഡയാലിസിസ് രോഗികൾക്ക് പ്രയോജനം ലഭിക്കുമെന്ന് സിഎച്ച് സെന്റർ ജനറൽ സെക്രട്ടറി എ.കെ. മുസ്തഫ അറിയിച്ചു. യോഗത്തിൽ ഭാരവാഹികളായ എം.എസ്. അലവി, എ.കെ. നാസർ, എസ്. അബ്ദുസലാം, മാനുപ്പ കുറ്റീരി എന്നിവർ പങ്കെടുത്തു.
District News
നിലന്പൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സന്പൂർണ വിജയം ലക്ഷ്യമിട്ട് യുഡിഎഫ്. സിറ്റിംഗ് സീറ്റുകൾ നിലനിർത്താനും കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും ശ്രമമാരംഭിച്ച് എൽഡിഎഫ്. സർക്കാരിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയ ആയുധമാക്കി ഭരണം പിടിക്കാൻ ചിട്ടയായ പ്രവർത്തനങ്ങളിലാണ് യുഡിഎഫ് നേത്യത്വം. ജില്ലയിൽനിന്ന് കൂടുതൽ എംഎൽഎമാരെ നിയമസഭയിൽ എത്തിക്കാൻ കൃത്യതയാർന്ന പ്രവർത്തനമാണ് യുഡിഎഫിന്റെത്.
അതേസമയം കഴിഞ്ഞ 10 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിച്ച് മൂന്നാം തുടർഭരണം ലക്ഷ്യമിട്ടാണ് എൽഡിഎഫ് ക്യാന്പിന്റെ നീക്കം. മുസ്ലിം ലീഗിന് ശക്തമായ അടിത്തറയുള്ള മലപ്പുറം എക്കാലത്തും യുഡിഎഫിന്റെ കോട്ടയാണ്. എന്നാൽ സിറ്റിംഗ് സീറ്റിന് പുറമേ എൽഡിഎഫ് കൈവശമുള്ള മണ്ഡലങ്ങൾ കൂടി പിടിച്ചെടുക്കാനാണ് യുഡിഎഫ് ശ്രമം. 16 മണ്ഡലങ്ങളിലും ഇക്കുറി വിജയമാണ് യുഡിഎഫ് ലക്ഷ്യം.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകമാനവും പ്രത്യേകിച്ച് ജില്ലയിലും ഉണ്ടായ വലിയ വിജയമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്.
ജില്ലാ പഞ്ചായത്തിൽ 36 ഡിവിഷനുകളിലും വിജയിച്ച് പ്രതിപക്ഷമില്ലാതെ ഭരിക്കുന്ന സാഹചര്യത്തിൽ നിയമസഭ തെരഞ്ഞെടുപ്പിലും ജനങ്ങൾ മികച്ച വിജയം നൽകുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടൽ.
അതേസമയം താനൂർ, പൊന്നാനി, തവനൂർ മണ്ഡലങ്ങൾ ഇക്കുറിയും തങ്ങൾക്കൊപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് നേത്യത്വം. നിലന്പൂർ, മങ്കട, പെരിന്തൽമണ്ണ മണ്ഡലങ്ങൾ തിരിച്ചുപിടിക്കാനാകുമെന്നും എൽഡിഎഫ് പ്രതീക്ഷ പുലർത്തുന്നു. ഡോ. കെ.ടി. ജലീലും മന്ത്രി വി. അബ്ദുറഹ്മാനും എൽഡിഎഫ് സ്ഥാനാർഥികളായി ഒരിക്കൽ കൂടി മത്സരിക്കുമെന്നാണ് വിവരം.
നേതാക്കൾ നിരവധി ഉണ്ടെങ്കിലും കോണ്ഗ്രസിന് ജില്ലയിൽ മത്സരിക്കാൻ നാല് സീറ്റുകൾ മാത്രമാണ് ലഭിക്കുക. ഇതിൽ സിറ്റിംഗ് എംഎൽഎമാരായ എ.പി. അനിൽകുമാർ വണ്ടൂരിലും ആര്യാടൻ ഷൗക്കത്ത് നിലന്പൂരിലും വീണ്ടും മത്സരിക്കും.
കെ. ബാബുവിന് ഒഴികെ എല്ലാ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് നൽകാനുള്ള കോണ്ഗ്രസ് തീരുമാനം ഇവർക്ക് തുണയാകും. ഡിസിസി. പ്രസിഡന്റ് വി.എസ്. ജോയിക്ക് സുരക്ഷിതമായ മണ്ഡലം ജില്ലയിൽ കണ്ടെത്തുക ഏറെ പ്രയാസകരമായതിനാൽ ജില്ലയ്ക്ക് പുറത്ത് സാധ്യത ഉറപ്പുവരുത്തിയാകും തീരുമാനം.
കെപിസിസി. ജനറൽ സെക്രട്ടറിയും യുഡിഎഫ് ജില്ലാ ചെയർമാനുമായ പി.ടി. അജയ് മോഹൻ ഇക്കുറി തവനൂരിലാണ് മത്സരിക്കാൻ ലക്ഷ്യമിടുന്നത്. കെപിസിസി സെക്രട്ടറി കെ.പി. നൗഷാദലി, രോഹിൽനാഥ് എന്നിവരാണ് പൊന്നാനിയിൽ സാധ്യതാ പട്ടികയിലുള്ളത്.
ജില്ലയിൽ മഹിളാകോണ്ഗ്രസിന് അവസരം നൽകിയാൽ മഞ്ചേരി മുനിസിപ്പൽ വൈസ് ചെയർപേഴ്സനായ ബീനാ ജോസഫും സ്ഥാനാർഥിയാകാനുള്ള സാധ്യതയുണ്ട്.
മുസ്ലിം ലീഗിൽ ഇക്കുറി കൂടുതൽ പുതുമുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഏറെയാണ്. ബിജെപിയും ഇക്കുറി കരുത്തരെ രംഗത്തിറക്കുമെന്നാണ് സൂചന. നിലന്പൂർ മണ്ഡലത്തിൽ ഇക്കുറി ക്രൈസ്തവ വിഭാഗത്തിൽനിന്ന് ഒരു സ്ഥാനാർഥി ഉണ്ടാകാനും സാധ്യതയേറെയാണ്.
District News
താനൂർ: അത്യാധുനിക സൗകര്യങ്ങളോടെ നവീകരിച്ച താനൂർ റെയിൽവേ സ്റ്റേഷൻ മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്ലൈനായി നിർവഹിച്ചു. താനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടന്ന ചടങ്ങിൽ മന്ത്രി വി. അബ്ദുറഹ്മാൻ ശിലാഫലകം അനാച്ഛാദനം ചെയ്തു. 1.5 കോടി രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ നവീകരിച്ചത്.
പുതിയ ടിക്കറ്റ് ബുക്കിംഗ് ഓഫീസ്, ഉയർന്ന ശ്രേണി യാത്രക്കാർക്കുള്ള കാത്തിരിപ്പ് കേന്ദ്രം, ടോയ്ലറ്റ് കോംപ്ലക്സ്, ഒന്നാം പ്ലാറ്റ്ഫോമിൽ മേൽക്കൂര, പ്ലാറ്റ്ഫോമിൽ വിപുലമായ ഇരിപ്പിട സൗകര്യം, മിനി മാസ്റ്റർ ഉൾപ്പെടുന്ന വൈദ്യുതി വിളക്കുകൾ എന്നിവ ഉൾപ്പെടുത്തിയ ബൃഹത് പദ്ധതികളാണ് റെയിൽവേ സ്റ്റേഷനിൽ നടപ്പാക്കിയത്.
റെയിൽവേ സ്റ്റേഷൻ നവീകരണത്തിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഇതാദ്യമായി ഉപയോഗിക്കുന്നത് താനൂരിലാണെന്നതും പ്രത്യേകതയാണ്. കോഴിക്കോട് -ഷൊർണൂർ ഭാഗങ്ങിലേക്കായി 13 ട്രെയിനുകളാണ് താനൂരിൽ നിർത്തുന്നത്. 10 പാസഞ്ചർ ട്രെയിനുകളും 14 എക്സ്പ്രസ്സ് ട്രെയിനുകളും രണ്ട് സൂപ്പർ ഫാസ്റ്റ് മെയിലും ഇതിൽപ്പെടും.
District News
ചങ്ങരംകുളം: ജലക്ഷാമം രൂക്ഷമായതിനെത്തുടർന്ന് പള്ളിക്കര കിഴിക്കര പാടശേഖരങ്ങളിലെ നെൽ കർഷകർ ആശങ്കയിൽ. കതിരിട്ട് തുടങ്ങിയ പ്രദേശത്തെ 80 ഏക്കറോളം വരുന്ന മുണ്ടകൻ കൃഷിയാണ് വെള്ളം വറ്റിയതോടെ പ്രതിസന്ധിയിലായത്.
വേനൽ കടുത്തതോടെയാണ് ജലാശയങ്ങൾ വറ്റിത്തുടങ്ങിയത്. പ്രദേശത്ത് തോടുകളും കുളങ്ങളും മറ്റ് ജലസ്രോതസുകളും വരണ്ടുതുടങ്ങിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. വരും ദിവസങ്ങളിൽ വേനൽമഴ ലഭിച്ചില്ലെങ്കിൽ ചൂട് വർധിക്കുകയും വരൾച്ച കൂടുതൽ രൂക്ഷമാകുകയും ചെയ്യുമെന്നാണ് കർഷകർ പറയുന്നത്.
ലക്ഷങ്ങൾ ചെലവിട്ടാണ് ഇവിടെ കൃഷി ഇറക്കിയത്. അധികൃതർ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ നെല്ല് വിളയുന്നതിന് മുന്പ് തന്നെ ഉണങ്ങുകയും കർഷകർക്ക് ഭീമമായ നഷ്ടമുണ്ടാകുകയും ചെയ്യും. കഴിഞ്ഞ വർഷം 30 ഏക്കറോളം കൃഷി ഇത്തരത്തിൽ കൊയ്തെടുക്കാനാകാതെ നശിച്ചിരുന്നു.
District News
എടക്കര: നാടുകാണാനിറങ്ങിയ കാട്ടുപോത്ത് നാട്ടുകാർക്ക് കൗതുകമായി. മുണ്ടേരി തന്പുരാട്ടിക്കല്ലിലാണ് ഇന്നലെ വൈകീട്ട് അഞ്ചരയോടെ മുണ്ടേരി വിത്തുകൃഷിത്തോട്ടം മേഖലയിൽനിന്നാണ് കാട്ടുപോത്ത് ജനവാസമേഖലയിലേക്ക് ഇറങ്ങിയത്.
സ്കൂൾ പടിയിലെത്തിയ കാട്ടുപോത്ത് ഇല്ലിക്കൽ നിസാമിന്റെ വീടിന് സമീപത്ത് കൂടി അങ്ങാടിക്ക് സമീപമുള്ള ജനവാസകേന്ദ്രങ്ങളിൽ ഒന്നര മണിക്കൂറോളം കറങ്ങി നടക്കുകയായിരുന്നു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ തോക്കും പടക്കവുമായി സ്ഥലത്ത് എത്തിയിരുന്നു. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.
അതേസമയം നാട്ടിലിറങ്ങിയ കാട്ടുപോത്തിനെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് തന്പുരാട്ടിക്കല്ലിൽ എത്തിയത്. ഒടുവിൽ നാട്ടുകാരും വനംജീവനക്കാരും ചേർന്ന് കാട്ടുപോത്തിനെ മുറംതൂക്കി കാനക്കുത്ത് വനമേഖലയിലേക്ക് ഓടിച്ചുവിടുകയായിരുന്നു.
District News
പൂക്കോട്ടുംപാടം: അമരന്പലം തട്ടിയേക്കൽ മേഖലയിൽ വളർത്തു മൃഗങ്ങളെ ആക്രമിച്ച് കൊന്ന പുലിയെ പിടികൂടാൻ ഉൗർജിതശ്രമം. ഇതിന്റെ ഭാഗമായി വനംവകുപ്പ് അധികൃതർ ആടുകൾ കൊല്ലപ്പെട്ട സ്ഥലത്ത് കൂട് സ്ഥാപിച്ചു. ഇവിടെ നിരീക്ഷണ കാമറയും സജ്ജീകരിച്ചിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടറും നടത്തിയ പരിശോധനയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ നാഷണൽ ടൈഗർ കണ്സർവേറ്റർ അഥോറിറ്റി കൂട് സ്ഥാപിക്കാൻ അനുമതി നൽകുകയായിരുന്നു.
പ്രദേശവാസികൾ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ രാത്രികാല പട്രോളിംഗ് ശക്തമാക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫയുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതി ചേർന്ന് സുരക്ഷാ മുൻകരുതലുകൾ വിലയിരുത്തി.
അടിയന്തര സാഹചര്യം ഉണ്ടായാൽ ഉടൻ വിവരമറിയിക്കണമെന്ന് കാളികാവ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.ടി. മുബഷീർ അറിയിച്ചു. ചക്കിക്കുഴി ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. അഭിലാഷിന്റെ നേതൃത്വത്തിൽ എസ്എഫ്ഒമാരായ എ.കെ. വിനോദ്, മുഹമ്മദ് അൽത്താഫ്, വി.എസ്. അച്യുതൻ, കെ. മനോജ്, ബിഎഫ്എ ഒ. അമൽ വിജയൻ അമരന്പലം ആർആർടി അംഗങ്ങൾ, വനംവാച്ചർമാർ എന്നിവരാണ് കൂടി സ്ഥാപിച്ചത്.
District News
പാറൽ: ജനാധിപത്യത്തെ വീണ്ടെടുക്കാൻ പോരാട്ടം തുടരുമെന്ന് നജീബ് കാന്തപുരം എംഎൽഎ. പാറൽ വീട്ടിക്കാട് എഎംഎൽപി സ്കൂളിൽ പാറൽ പൊതുജന വായനശാല സംഘടിപ്പിച്ച റിപ്പബ്ലിക് സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർഥികളെയും എംഎൽഎ അനുമോദിച്ചു. വായനശാല നിർവാഹക സമിതി അംഗം വി.കെ. ഹംസ രചിച്ച ചരിത്രം "എന്നിലൂടെ' എന്ന പുസ്തകം എംഎൽഎ പ്രകാശനം ചെയ്തു. ബാബു മോഹനക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി.
ആലിപ്പറന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ മേക്കോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ്, ബ്ലോക്ക് അംഗം ടി. സഫ്വാന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി. മോഹൻദാസ്, സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. ഹസീന, എം.വി. സിനി വാർഡ് അംഗങ്ങളായ പ്രസീത സുഭാഷ്,
അയൂബ്, വി.കെ. നാസർ, ലൈബ്രറി കൗണ്സിൽ അംഗം പ്രമോദ് കൊണ്ടോട്ടി, ജില്ലാ ലൈബ്രറി കൗണ്സിൽ അംഗം വേണു പാലൂർ ആലിപ്പറന്പ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
കരുവാരകുണ്ട്: വേനൽ മഴ ലഭിക്കാത്തതിനാൽ പകൽ ചൂട് കൂടിയത് കാർഷിക മേഖലയ്ക്ക് തിരിച്ചടി. വർഷാരംഭത്തിൽ പൂത്തുലഞ്ഞ പല മാവുകളിലെയും മറ്റ് ഫലവൃക്ഷങ്ങളിലെയും പൂക്കൊലകൾ ഒന്നടങ്കം ചൂടിൽ കരിഞ്ഞുണങ്ങി. മകരത്തിൽ ചെയ്ത മഴയെത്തുടർന്ന് കാപ്പി മരണങ്ങൾ പൂവിട്ടെങ്കിലും തുടർ മഴ ലഭിക്കാത്തതിനാൽ കാപ്പിപ്പൂവുകൾ നഷ്ടപ്പെടുന്നത് അടുത്ത സീസണിലെ വിളവെടുപ്പിനെയും ബാധിക്കുമെന്ന സ്ഥിതിയാണ്.
മലയോര മേഖലയിൽ ജനുവരി ആദ്യവാരത്തിൽ തന്നെ ചൂട് കൂടിയിട്ടുണ്ട്. ആഗോള തലത്തിൽ താപനില ഉയരുകയും ഇതിന്റെ ഫലമായി മഴ കുറയുകയും വരൾച്ച ഉണ്ടാകുകയും ചെയ്യുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ് കർഷകർ അടക്കമുള്ളവരിൽ ആശങ്കക്കിടയാക്കിയിരിക്കുകയാണ്.
ജനുവരി പകുതിയോടെ തന്നെ ചിലയിടങ്ങളിൽ താപനില 35 ഡിഗ്രി സെൽഷ്യസ് കടന്നിട്ടുണ്ട്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇത് 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതേസമയം വേനൽമഴ കാര്യമായി ലഭിച്ചാൽ ചൂട് കുറയാനും ജലസ്രോതസുകൾ സമൃദ്ധമാകാനും സഹായകരമാകും.
District News
നിലമ്പൂർ: കുട്ടിയുടെ കഴുത്തിൽനിന്ന് കവർന്ന സ്വർണമാല വിഴുങ്ങിയ യുവതിയുടെ വയറ്റിൽ കമ്മലും കണ്ടെത്തിയതോടെ പുറത്തെടുക്കാൻ പോലീസ് ശ്രമം. ആമാശയത്തിലുള്ള സ്വർണ മാല പുറത്തെടുക്കാൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്കാനിംഗ് നടത്തിയപ്പോഴാണ് ഒരു കമ്മൽ കൂടി പ്രതി സമീനയുടെ വയറ്റിലുള്ളതായി കണ്ടെത്തിയത്. കമ്മൽ എവിടെനിന്ന് മോഷ്ടിച്ചതാണെന്ന് വ്യക്തമാക്കിയിട്ടില്ല. മറ്റൊരു കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.
നിലമ്പൂർ ജില്ലാ ആശുപത്രിക്ക് സമീപമുള്ള ക്ലിനിക്കിൽ പരിശോധനയ്ക്കായി എത്തിയ കുട്ടിയുടെ 3.5 ഗ്രാം തൂക്കമുള്ള സ്വർണമാലയാണ് പാലേമാട് കല്ലൻകുന്നൻ സമീന (35) മോഷ്ടിച്ച് വിഴുങ്ങിയത്. ഇവരെ പിടികൂടി നിലന്പൂർ ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയപ്പോൾ വയറ്റിൽ ആഭരണം കണ്ടെത്തിയിരുന്നു.
യുവതിയുടെ വയറിളക്കി മാല വീണ്ടെടുക്കാൻ എനിമ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാല പുറത്ത് എടുക്കാൻ ശസ്ത്രക്രിയ നടത്താനാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് വനിതാ സിപിഒമാരുടെ കാവലിലാണ് പ്രതി.
District News
പെരിന്തൽമണ്ണ: വിദ്യാർഥികൾക്ക് സുരക്ഷിത യാത്രക്ക് സൗകര്യം ഒരുക്കാൻ തൊണ്ടി വാഹനങ്ങളും വെള്ളക്കെട്ടും നീക്കം ചെയ്യാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്. റോഡിനോട് ചേർന്ന് പിടിച്ചിട്ട ഡിവൈഎസ്പി ഓഫീസിലെ തൊണ്ടിവാഹനങ്ങൾ നീക്കം ചെയ്യാനും കാടുമുടിയ കോന്പൗണ്ട് വൃത്തിയാക്കാനും മഴക്കാലങ്ങളിൽ റോഡിലെ വെള്ളക്കെട്ടുകൾ ഇല്ലാതാക്കാനുമാണ് കമ്മീഷൻ ഉത്തരവിട്ടത്.
സഹീർ ചിക്കുത്ത് നൽകിയ പരാതിയിലാണ് ഇടപെടൽ. ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്ന കോന്പൗണ്ട് കാടുമൂടി ഇഴജന്തുക്കളുടെ താവളമായതായും കെട്ടിട ഭാഗങ്ങളിൽ വള്ളികളും വേരുകളും പടർന്ന് നശിക്കുന്നതായും പരാതിയിൽ പറഞ്ഞിരുന്നു.
തൊണ്ടി വാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെരുകുന്നതായും വഴിയിലുള്ള മതിൽക്കെട്ടുകൾ തകർന്നുകൊണ്ടിരിക്കുകയാണന്നും ഹൗസിംഗ് കോളനി റോഡിൽ ചെറുമഴയിൽ പോലും തോട്ടിലെ വെള്ളം ഒഴുകുന്നതുപോലെ വെള്ളവും മണ്ണും കുത്തിയൊഴുകുകയാണെന്നും ഇതുകാരണം വിദ്യാർഥികൾ അടക്കമുള്ളവർ ബുദ്ധിമുട്ടുകയാണെന്നും സഹീർ കമ്മീഷൻ മുന്പാകെ ബോധിപ്പിച്ചിരുന്നു.
എന്നാൽ പ്രശ്ന പരിഹാരത്തിനായി മുൻപ് പ്രവൃത്തി നടത്തിയിരുന്നതായും സന്പൂർണ സംവിധാനം സജ്ജമാക്കാൻ 70 ലക്ഷം രൂപ ചെലവ് വരുമെന്നും സർക്കാർ പ്രത്യേകമായി ഫണ്ട് അനുവദിച്ചാൽ തുടർപ്രവൃത്തി നടത്താമെന്നുമാണ് നഗരസഭ നിലപാട്.
District News
എടക്കര: രാത്രിയുടെ മറവിൽ ചാത്തംമുണ്ട സുൽത്താൻപടി ജനവാസകേന്ദ്രത്തിൽ സാമൂഹികവിരുദ്ധർ കക്കൂസ് മാലിന്യം തള്ളി. പ്രദേശത്ത് അതിരൂക്ഷമായ ദുർഗന്ധം മൂലം നാട്ടുകാർ ദുരിതത്തിലായി.
സുൽത്താൻപടി പൂക്കോട്ടുമണ്ണ ചുങ്കത്തറ റോഡിൽ പണിയ ഉൗരിന് സമീപമാണ് സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തള്ളിയത്. വാഹനത്തിലെത്തിച്ച മാലിന്യം റോഡിൽനിന്ന് സ്വകാര്യ വ്യക്തിയുടെ പറന്പിലേക്ക്് ഒഴുക്കിവിട്ട നിലയിലാണ്.
ഇന്നലെ രാവിലെ ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സമീപവാസികൾ നടത്തിയ അന്വേഷണത്തിലാണ് മാലിന്യം തള്ളിയത് ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ റിയാസ് ചുങ്കത്തറയുടെ നേത്യത്വത്തിൽ ജനപ്രതിനിധികളും പോത്തുകൽ പൊലീസ് ഇൻസ്പെക്ടറും സ്ഥലത്തെത്തി.
സാൽവോ ആർട്സ് ആന്ഡ് സ്പോർട്സ് ക്ലബ്ബിന്റെയും നാട്ടുകാരുടെയും സഹകരണത്തോടെ മാലിന്യം മണ്ണിട്ട് മൂടുകയും ക്ലോറിനേഷൻ നടത്തുകയും ചെയ്തു. നാലാം തവണയാണ് പ്രദേശത്ത് കക്കൂസ് മാലിന്യം തള്ളുന്നത്. എന്നാൽ ഇതുവരെ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
District News
മലപ്പുറം: വിദ്യാലയങ്ങളുടെ അക്കാഡമിക്, ഭരണപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ട ബ്ലോക്ക് റിസോഴ്സ് സെന്ററുകളുടെ പ്രവർത്തനം അവതാളത്തിലായതോടെ പ്രശ്ന പരിഹാരത്തിന് ഉൗർജിത ശ്രമം. ജില്ലയിലെ 15 ബിആർസികളിൽ 11ലും ബ്ലോക്ക് പ്രോഗ്രാം കോ ഓർഡിനേറ്റർ (ബിപിസി) തസ്തിക ഒഴിഞ്ഞുകിടക്കുന്ന സാഹചര്യം ഏകോപനം താളം തെറ്റിച്ചതോടെയാണിത്.
ശന്പളം കുടിശിയാകുന്നതിനാൽ ചുമതല ഏറ്റെടുക്കാൻ അധ്യാപകർ വിമുഖത കാട്ടുന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. താനൂർ, തിരൂർ, മഞ്ചേരി, കുറ്റിപ്പുറം, വണ്ടൂർ, അരീക്കോട്, മലപ്പുറം, നിലന്പൂർ, പരപ്പനങ്ങാടി, പൊന്നാനി, വേങ്ങര എന്നിവിടങ്ങളിലാണ് ബിപിസിമാർ ഇല്ലാത്തത്.
സ്കൂളുകളിൽനിന്ന് ഡെപ്യൂട്ടേഷനിൽ വന്നു ചുമതല വഹിച്ചവർ മാതൃസ്ഥാപനങ്ങളിലേക്ക് തിരിച്ചുപോവുകയായിരുന്നു. അഞ്ച് വർഷമാണ് ഇവരുടെ കാലാവധി. നിശ്ചിത കാലാവധി പൂർത്തിയാക്കിയാണ് മിക്കവരും മടങ്ങിപ്പോയത്.
മഞ്ചേരി വിദ്യാഭ്യാസ ഉപജില്ലയിൽ ബിപിസിയും എഇഒയും ഇല്ലാത്ത സാഹചര്യമാണ്. ബിപിസി സ്കൂളിലേക്കും എഇഒ കൊല്ലത്തേക്ക് സ്ഥാനക്കയറ്റം നേടിയും പോയി മലപ്പുറം ജില്ലാ ഓഫീസറുടെ ചുമതല കുറ്റിപ്പുറം ബിപിസിക്കാണ്. രണ്ട് മോഡൽ ബിആർസികളും നാഥനില്ലാത്തവയിൽ ഉൾപ്പെടും.
ചില ബിആർസികളിൽ വിദ്യാഭ്യാസ ട്രെയിനർമാർ സേവനം മതിയാക്കാൻ പ്രോജക്ട് ഡയറക്ടർക്ക് കത്തു നൽകിയിട്ടുമുണ്ട്. അവർ സ്ഥലം വിടുന്നതോടെ കരാർ വ്യവസ്ഥയിലുള്ളവർ മാത്രമാകും ബാക്കിയാകുക.
ബിപിസിമാരുടെ മേയ്, ജൂണ് മാസത്തെ ശന്പളം കുടിശികയാണ്. തുടർച്ചയായി കുടിശിക വരുന്നതും ജോലിഭാരവും കാരണം ചുമതല ഏറ്റെടുക്കാൻ അധ്യാപകർ മടിക്കുകയാണ്. പിഎം ശ്രീ പദ്ധതിയിൽ സംസ്ഥാനം ഒപ്പുവയ്ക്കാത്തതാണ് ഇത്തരമൊരു അവസ്ഥയ്ക്ക് കാരണമായതെന്നാണ് ആക്ഷേപം.
ബ്ലോക്ക് അടിസ്ഥാനത്തിൽ പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള അധ്യാപകർക്ക് പരിശീലനം, ശില്പശാലകൾ, സെമിനാറുകൾ, മൂല്യനിർണയം എന്നിവയും അധ്യാപന പഠന പ്രക്രിയകളും ബിആർസി മുഖേനയാണ് നടത്തുന്നത്.
District News
മലപ്പുറം: പരിഷ്കരിച്ച മാതൃക വാടകാനിയമം ഭേദഗതി കൂടാതെ കേരളത്തിൽ ഉടൻ നടപ്പാക്കണമെന്ന് ബിൽഡിംഗ് ഓണേഴ്സ് സംസ്ഥാന കമ്മിറ്റി യോഗം സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് ആവശ്യപ്പെട്ടു.
അഹമ്മദ് ദേവർകോവിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് യു.എ. ലത്തീഫ് എംഎൽഎ അധ്യക്ഷനായിരുന്നു. ഉപദേശകസമിതി ചെയർമാൻ അഹമ്മദ് മൂപ്പൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന ജനറൽ സെക്രട്ടറി ഫക്രുദ്ദീൻ തങ്ങൾ, അച്ചന്പാട്ട് ബീരാൻകുട്ടി, കോയദ്ദീൻ, എയർലൈൻസ് അസീസ്, അസീസ് പാലക്കാട്, പോക്കു ഹാജി കണ്ണൂർ, സുബൈദ പാണ്ടിക്കാട്, സജ്ന, റെജുല, സംസ്ഥാന വൈസ് പ്രസിഡന്റ് റസാഖ് മഞ്ചേരി എന്നിവർ പ്രസംഗിച്ചു.
District News
കരുവാരകുണ്ട്: മലയോരത്തെ പ്രധാന പ്രകൃതിദത്ത വിനോദ സഞ്ചാര കേന്ദ്രമായ ചേറൂന്പ് ഇക്കോ വില്ലേജ് നാശത്തിന്റെ വക്കിൽ. നവീകരിക്കാനെന്ന പേരിൽ കോടികൾ ചെലവഴിച്ചെങ്കിലും വില്ലേജിന്റെ സ്ഥിതി പഴയപടി തന്നെ.
കരുവാരകുണ്ട് അങ്ങാടിയിൽ ഒലിപ്പുഴയുടെ തീരത്തെ പുറന്പോക്കിലാണ് ചേറൂന്പ് ഇക്കോ വില്ലേജ്. ഒലിപ്പുഴയിൽ മണ്ണും ചെളിയും നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതും കരുവാരകുണ്ട് ഗ്രാമപഞ്ചായത്തിന്റെ പിടിപ്പുകേടുമാണ് വിനോദ സഞ്ചാര കേന്ദ്രം ഇത്തരമൊരു അവസ്ഥയിലാകാൻ പ്രാധാന കാരണമെന്നാണ് ആരോപണം.
തുടക്കത്തിൽ ഉണ്ടായിരുന്ന ബോട്ട് സർവീസ് ഉൾപ്പെടെ നിലച്ചതോടെ ഇക്കോ വില്ലേജിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. അവധി ദിവസങ്ങളിലും ഉത്സവനാളുകളിലും അടക്കം ഇവിടെ വിരലിലെണ്ണാവുന്ന സഞ്ചാരികളാണ് ഇപ്പോൾ എത്തുന്നത്.
ചേറൂന്പ് ഇക്കോ വില്ലേജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ സംരക്ഷണ സമിതി രൂപീകരിച്ച് രംഗത്ത് വന്നിരുന്നു. 2015ൽ അഞ്ച് കോടിയോളം രൂപ ചെലവിട്ട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗണ്സിലിന്റെ മേൽനോട്ടത്തിൽ യാഥാർഥ്യമാക്കിയ പദ്ധതി രണ്ടു വർഷം മാത്രമാണ് നല്ല നിലയിൽ പ്രവർത്തിച്ചത്.
പ്രകൃതിദത്തമായ വിനോദ കേന്ദ്രത്തിലേക്ക് തുടക്കത്തിൽ ജില്ലയ്ക്ക് അകത്തും പുറത്തുനിന്നും ധാരാളം സഞ്ചാരികളെത്തിയിരുന്നു. സഞ്ചാരികളുടെ എണ്ണം കണക്കിലെടുത്ത് ബോട്ട് ഹൗസ് ഉൾപ്പെടെ നിർമിച്ച് ബോട്ട് സർവീസ് കൂടി ആരംഭിച്ചു.
2018 ലെ പ്രളയത്തിൽ മലവാരത്തുണ്ടായ ഉരുൾപൊട്ടലിൽ ഒലിപ്പുഴയിൽ മണ്ണും ചെളിയും വന്നടിഞ്ഞു. മണൽ വാരാൻ 50 ലക്ഷം രൂപയിലേറെ സർക്കാർ ചെലവഴിച്ചെങ്കിലും നടപടി ഫല പ്രദമായില്ല. തുടർ പ്രവർത്തനങ്ങൾക്കായി വീണ്ടും ഒരു കോടിയിലേറെ രൂപ അനുവദിച്ചെങ്കിലും ആ തുക ഗ്രാമപഞ്ചായത്ത് വിനിയോഗിച്ചതും ഫലം കണ്ടില്ല. ഇക്കോ വില്ലേജിന്റെ അടിസ്ഥാന വികസനത്തിന് അങ്ങാടിചിറയിലെ മണൽ വാരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരവും നടന്നിരുന്നു.
District News
മഞ്ചേരി: എസ്വൈഎസ് മഞ്ചേരി സാന്ത്വനത്തിന്റെ ബ്ലഡ് വേൾഡ് പദ്ധതിക്ക് തുടക്കം. രക്തദാനത്തിന് സന്നദ്ധരായ അയ്യായിരം അംഗങ്ങളുള്ള ആപ്പ് രൂപപ്പെടുത്തിയാണ് ബ്ലഡ് വേൾഡ് പ്രവർത്തന സജ്ജമായത്.
മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗികൾക്ക് ആവശ്യമായ രക്തം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി പ്രവർത്തനം. ബ്ലഡ് വേൾഡ് ആപ് ലോഞ്ചിംഗ് നഗരസഭ ചെയർപേഴ്സണ് വല്ലാഞ്ചിറ അബ്ദുൾ മജീദ് നിർവഹിച്ചു.
എസ്വൈഎസ് വെസ്റ്റ് സോണ് ജനറൽ സെക്രട്ടറി സഫ്വാൻ കൂടക്കര, ഈസ്റ്റ് സോണ് ജനറൽ സെക്രട്ടറി അബ്ദുസലാം തോട്ടുപോയിൽ, സോണ് ഭാരവാഹികളായ മുസ്തഫ പട്ടർകുളം, കെ.ടി. അബ്ദുൾ ലത്തീഫ്, സാന്ത്വനം എക്സിക്യൂട്ടീവ് അംഗങ്ങളായ നൗഫൽ ആനക്കയം, ബഷീർ പുഴങ്കാവ് തുടങ്ങിയവർ പങ്കെടുത്തു.
District News
രാമപുരം: ഉന്നത വിദ്യാഭ്യാസ കൗണ്സിൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ദേശീയ ഗവേഷണ സമ്മേളനത്തിലും വിദ്യാഭ്യാസ എക്സ്പോയിലും രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജ് ശ്രദ്ധ നേടി. സർവകലാശാലകൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് മാത്രം പങ്കാളിത്തമുള്ള സമ്മേളനത്തിലും എക്സ്പോയിലും സ്വാശ്രയ മേഖലയിൽനിന്നുള്ള ഏക ആർട്സ് ആൻഡ് സയൻസ് കോളജായിരുന്നു ജെംസ്.
ഗവേഷണത്തിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുള്ള ജെംസ് കോളജിന്റെ പ്രദർശന സ്റ്റാൾ ഒട്ടേറെ ഗവേഷണ വിദ്യാർഥികളും മറ്റും സന്ദർശിച്ചു. എഐ, സെമികണ്ടക്ടർ സാങ്കേതിക വിദ്യകളുടെ ലൈവ് പരിശീലനം നടത്തുന്ന സംസ്ഥാനത്തെ ആദ്യത്തെ കാന്പസ് എന്ന ഖ്യാതി ഇതിനകം രാമപുരം ജെംസ് നേടിയിട്ടുണ്ട്.
കേരളത്തിലെ ആയിരത്തോളം വരുന്ന ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്ന് സർവകലാശാലകൾ, സർക്കാർ കോളജുകൾ, എയ്ഡഡ് കോളജുകൾ എന്നിവ ഉൾപ്പെടെ 55 സ്ഥാപനങ്ങൾക്കാണ് സമ്മേളനത്തിനും എക്സ്പോയിലും അവരുടെ നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.
ദേശീയതലത്തിലുള്ള ഈ പരിപാടിയുടെ പങ്കാളിത്തം നേടിയതിലൂടെ വിവിധ സ്ഥാപനങ്ങൾ തമ്മിൽ പരസ്പരമുള്ള സഹകരണം, അറിവിന്റെ കൈമാറ്റം, സംസ്ഥാന-ദേശീയ തലങ്ങളിലെ അംഗീകാരം എന്നിവക്ക് വേദിയൊരുങ്ങുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ അക്കാഡമിക വർഷം മാത്രം അധ്യാപകരും വിദ്യാർഥികളും ചേർന്ന് പ്രസിദ്ധീകരിച്ചതും അംഗീകരിക്കപ്പെട്ടതുമായ 10 പേറ്റന്റുകൾ ജെംസ് കോളജ് സ്വന്തമാക്കിയിട്ടുണ്ട്.
District News
മലപ്പുറം: മലപ്പുറം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും നേതൃത്വത്തിൽ പാലിയേറ്റീവ് രോഗികൾക്കായി സംഗമം സംഘടിപ്പിച്ചു. പാണക്കാട് മർവ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കിടപ്പുരോഗികളും വിവിധ അപകടങ്ങൾ മൂലം വീൽച്ചെയറുകളിൽ കഴിയുന്നവരും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു.
പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സണ് വി. റിനിഷ അധ്യക്ഷത വഹിച്ചു. രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും മാനസിക ഉൻമേഷം നൽകുന്ന കലാപ്രകടനങ്ങൾ, മാജിക് ഷോ, ഗാനമേള തുടങ്ങിയ പരിപാടികൾ അരങ്ങേറി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും കേരള ഹോട്ടൽ ആൻഡ് റെസ്റ്ററന്റ് അസോസിയേഷന്റെയും നേതൃത്വത്തിൽ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ഭക്ഷണം വിതരണം ചെയ്തു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്പോണ്സർ ചെയ്ത സ്നേഹോപഹാരങ്ങളുടെ വിതരണോദ്ഘാടനം പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, പാലിയേറ്റീവ് വോളണ്ടിയർമാർ, കെഎച്ച്ആർഎ, നഗരസഭാ വയോമിത്രം, ആശാവർക്കർമാർ, ഡോട്ട് അക്കാഡമി, ട്രോമാകെയർ, വുമണ് വേവ്സ്, വൈറ്റ് ഗാർഡ്, ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, ലയണ്സ് ക്ലബ് മലപ്പുറം തുടങ്ങിയ സംഘടനകൾ നേതൃത്വം നൽകി.
പി.കെ. ഫിറോസ്, ഇസ്മായിൽ വയനാട്, നഗരസഭാ മുൻ ചെയർമാൻ മുജീബ് കാടേരി, നഗരസഭാ വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഹാരിസ് ആമിയൻ, പരി അബ്ദുൾ മജീദ്, മറിയുമ്മ ഷെരീഫ്, സമീറ മുസ്തഫ, ആബിദ എട്ടുവീട്ടിൽ, നഗരസഭാ കൗണ്സിലർമാർ, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. രാജഗോപാൽ, നഗരസഭാ സെക്രട്ടറി കെ. സുധീർ എന്നിവർ പങ്കെടുത്തു.
District News
പെരിന്തൽമണ്ണ: പുലാമന്തോൾ കട്ടുപ്പാറയിലുണ്ടായ തീപിടിത്തത്തിൽ അഞ്ചേക്കർ സ്ഥലം കത്തിനശിച്ചു. കൃഷ്ണൻ നന്പൂതിരിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ തെങ്ങിൻ തോട്ടവും മൂന്ന് ഏക്കറിലെ മറ്റ് വിളകളും അടിക്കാടുമാണ് കത്തിയത്. ഇന്നലെ വൈകിട്ട് നാലിനാണ് സംഭവം.
പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തീയണച്ചു. അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫീസർ പി. നാസർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ എസ്. അനി, ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ കെ.പി. രാജേഷ്, പി.ആർ. രഞ്ജിത്, മുഹമ്മദലി, ഹോം ഗാർഡുമാരായ രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, ജയപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ ഷാജി, പ്രാമപഞ്ചായത്ത് വാർഡ് മെംബർ നൂറുൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
District News
കാളികാവ്: തെരുവുനായ കുറുകെ ചാടിയതിനെത്തുടർന്ന് കൈവരിയിൽ ഓട്ടോ ഇടിച്ച് മറിഞ്ഞ് മധ്യവയസ്കന് ഗുരുതരപരിക്ക്. കാളികാവ് അടക്കാക്കുണ്ട് സ്വദേശി കൊല്ലാർതൊടിക ഷംസുദ്ദീൻ (63) ആണ് പരിക്കേറ്റത്. ഇയാൾ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മലയോര ഹൈവെയിൽ കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു അപകടം. ഹോട്ടൽ പാചകത്തൊഴിലാളിയായ ഷംസുദ്ദീൻ ജോലിക്ക് പോകുന്നതിനിടെ കാളികാവ് ആശുപത്രി ജംഗ്ഷനും ചെത്ത്കടവ് ജംഗ്ഷനും ഇടയിലുള്ള സ്ഥലത്ത് വച്ച് അപകടത്തിൽപ്പെടുകയായിരുന്നു.
തെരുവുനായ ഓട്ടോക്ക് കുറുകെ ചാടിയതോടെ വാഹനം നിയന്ത്രണം വിട്ട് റോഡിന്റെ കൈവരിയിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. കാളികാവ് ജംഗ്ഷനിൽ തെരുവുനായ ശല്യം രൂക്ഷമാണ്. നായ്കളുടെ ആക്രമണത്തിൽ ഇതിനോടകം നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.
District News
പിടിച്ചെടുത്തതിൽ 21 ലക്ഷം രൂപയും
തേഞ്ഞിപ്പലം: ചേലേമ്പ്ര പൈങ്ങോട്ടൂരിൽ സൂക്ഷിച്ച ഒരു കിലോയിലധികം (1013 ഗ്രാം) എംഡിഎംഎ പിടികൂടി. രഹസ്യവിവരത്തെത്തുടർന്ന് തേഞ്ഞിപ്പലം പോലീസും കൊണ്ടോട്ടി ഡാൻസാഫ് സംഘവും ചേർന്നാണ് വൻലഹരി ശേഖരം പിടികൂടിയത്. ഇവിടെനിന്ന് 21 ലക്ഷത്തിലധികം രൂപ, ലാപ്ടോപ്പ്,
പല തരത്തിലുള്ള തുലാസുകൾ, മൊബൈൽ ഫോണുകൾ, വാക്കിടോക്കി എന്നിവയും പിടിച്ചെടുത്തു. പ്രതിയുടെ മാതാപിതാക്കളെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
പൈങ്ങോട്ടൂരിലെ വടക്കാഞ്ചേരി യാസർ എന്ന ആളുടെ വീട്ടിൽ ഇന്നലെ രാവിലെ 11 ഓടെയാണ് പോലീസ് രാസലഹരിക്കായി പരിശോധന തുടങ്ങിയത്. എന്നാൽ കേസിലെ പ്രതി ഒളിവിലാണ്. പിടികൂടിയ രാസലഹരി ശേഖരത്തിന് വിപണിയിൽ 30 ലക്ഷത്തോളം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
District News
കൊളത്തൂർ: പാങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ ചേണ്ടി ശാഖയിൽ സ്വർണമെന്ന വ്യാജേന മുക്കുപണ്ടം പണയം വയ്ക്കാൻ ശ്രമിച്ച അഞ്ചംഗ സംഘം അറസ്റ്റിൽ. ചേണ്ടി സ്വദേശികളായ അബ്ദുൾ നാസർ കൊളന്പൻ (26), ഭാസ്കരൻ പടിയിലെ ഇട്ടേക്കോടൻ ഫാഹിദ് റഷീദ് (29), കരേക്കാട് ചേനാടൻ ആലംകോട്ടിൽ ഷാജഹാൻ (24), വലിയപീടിയേക്കൽ മുഹമ്മദ് അഷ്റഫ് (21), കൂത്തല മമ്മാറൻ ജലീൽ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സ്വർണ വളയാണെന്ന വ്യാജേന ബാങ്കിൽ മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്താനായിരുന്നു ശ്രമം. ബാങ്ക് മാനേജരുടെ പരാതിയിൽ കേസെടുത്ത കൊളത്തൂർ പോലീസ് തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട നാലു പേരെ അന്നു തന്നെയും ഒളിവിൽ പോയ സൂത്രധാരൻ ജലീലിനെ പിന്നീടും അറസ്റ്റ് ചെയ്യുകയായിരുന്നു. ജലീൽ മയക്കുമരുന്ന് കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
സമാനരീതിയിൽ മറ്റ് സഹകരണ ബാങ്കുകളിലും ഈ സംഘം തട്ടിപ്പ് നടത്തിയതായി സൂചനയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശ പ്രകാരം പെരിന്തൽമണ്ണ ഡിവൈഎസ്പി എ. പ്രേംജിത്തിന്റെ നേതൃത്വത്തിൽ കൊളത്തൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജി. പ്രൈജു, എസ്ഐ ശൈലേഷ് കുമാർ, സിപിഒമാരായ ജയേഷ്, സജീർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
District News
നിലമ്പൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കോണ്ഗ്രസ് - ബിജെപി- ജമാഅത്തെ ഇസ്ലാമി കോ ഓർഡിനേറ്ററായാണ് പ്രവർത്തിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എൽഡിഎഫ് വടക്കൻ മേഖല വികസന മുന്നേറ്റ യാത്രയ്ക്ക് നിലന്പൂർ ചന്തക്കുന്നിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആകെയുള്ള ഇടതുപക്ഷ ബദൽ സർക്കാരിനെ അട്ടിമറിക്കാനാണ് ആസൂത്രിത ശ്രമം. ബൂർഷ്വാ പാർട്ടികളും മാധ്യമങ്ങളും ഇതിനായി വലിയ തോതിൽ കള്ളം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമിക്ക് വർഗീയത ഇല്ലെന്നാണ് വി.ഡി. സതീശൻ പറയുന്നത്.
എന്നാൽ സമസ്തയും സുന്നി വിഭാഗവും ജമാഅത്തെ ഇസ്ലാമിയുടെ കാര്യത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിനോട് യോജിക്കുന്നില്ല. ഇക്കാര്യത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടിയും മുസ്ലീം ലീഗും ആരുടെ അഭിപ്രായത്തിന് ഒപ്പമാണെന്ന് വ്യക്തമാക്കണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷനായപ്പോൾ ഗുഡ് സർട്ടിഫിക്കറ്റ് നൽകിയ നേതാവാണ് വി.ഡി. സതീശനെന്നും ഗോവിന്ദൻ പരിഹസിച്ചു.
പി.എം. ബഷീർ അധ്യക്ഷത വഹിച്ചു. നിലന്പൂർ ആയിഷ ജാഥാ നായകനെ ഷാൾ അണിയിച്ചു. മലയത്ത് ചന്ദ്രൻ, മാത്യു കുന്നംപള്ളി, കാസിം ഇരിക്കൂർ, കെ.എസ്. സലീഖ, കെ. സന്തോഷ് കുമാർ എംപി, പി.കെ. സൈനബ എം.എ. വിറ്റാജ്, പി.എം. ജോണി. കെ.പി. പീറ്റർ. ആലീസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ കൊണ്ടോട്ടിയിലായിരുന്നു ജാഥയുടെ ആദ്യപര്യടനം. തുടർന്ന് ഏറനാട് മണ്ഡലത്തിലെ അരീക്കോട് ജാഥയ്ക്ക് വരവേൽപ് നൽകി. പിന്നീട് ചന്തക്കുന്നിലെ പര്യടനത്തിന് ശേഷം വണ്ടൂരിൽ സമാപിച്ചു.
District News
മഞ്ചേരി: മഞ്ചേരി നഗരസഭയിൽ ഭീഷണിയാകുന്ന തെരുവുനായ, കാട്ടുപന്നി ശല്യത്തിനെതിരേ വാർഡ് സഭ പ്രമേയം അവതരിപ്പിച്ചു. നഗരസഭാ പതിനഞ്ചാം വാർഡിൽനിന്നാണ് പ്രമേയം അവതരിപ്പിച്ച് മുനിസിപ്പൽ അധികൃതർക്ക് സമർപ്പിച്ചത്. വഴിയാത്രികർക്കും കുട്ടികൾക്കും നേരേ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന തെരുവുനായ ശല്യം തടയാൻ അനിമൽ ബർത്ത് കണ്ട്രോൾ (എബിസി) പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നാണ് ആവശ്യം.
പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന തെരുവുനായ്കളെ വന്ധ്യംകരണത്തിന് വിധേയമാക്കുകയും ആന്റി റാബീസ് വാക്സിനേഷൻ നൽകുന്നതിനായി അടിയന്തര ക്യാന്പുകൾ സംഘടിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. നായകൾ കൂട്ടംകൂടുന്നത് തടയുന്നതിനായി പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപങ്ങൾ ഒഴിവാക്കാനും വാർഡ് സഭ അധികൃതരോടാവശ്യപ്പെട്ടു.
കാർഷികമേഖലയെയും ജനജീവിതത്തെയും സാരമായി ബാധിക്കുന്ന കാട്ടുപന്നി ശല്യമാണ് മറ്റൊരു പ്രശ്നം. അധ്വാനിച്ചുണ്ടാക്കിയ കൃഷികൾ നശിപ്പിക്കപ്പെടുന്നതിലൂടെ കർഷകർക്ക് വൻ സാന്പത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. ജനവാസ മേഖലകളിലെത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അധികാരം ഉപയോഗപ്പെടുത്തണം.
കൃഷിനാശം സംഭവിച്ച കർഷകർക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കണം. കാട്ടുപന്നികളെ പ്രതിരോധിക്കാനുള്ള വേലികൾ നിർമിക്കുന്നതിന് സബ്സിഡി ലഭ്യമാക്കണം എന്നീ ആവശ്യങ്ങളും ഉന്നയിച്ച പ്രമേയം മഞ്ചേരി നഗരസഭാ കമ്മിറ്റിക്ക് സമർപ്പിച്ചു.
District News
വ്യാജ സംഘടനകളെ തിരിച്ചറിയാൻ ബോധവത്കരണം
മലപ്പുറം: പ്രവാസി കമ്മീഷന് മുന്നിലെത്തുന്ന പരാതികളിൽ ഭൂരിഭാഗവും സാന്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ടതാണെന്ന് പ്രവാസി കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് സോഫി തോമസ്. മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പ്രവാസി കമ്മീഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ.
വർഷങ്ങൾ പഴക്കമുള്ള പരാതികൾ പോലും അദാലത്തിൽ പരിഗണനയ്ക്ക് വരുന്നുണ്ടെന്നും കമ്മീഷന്റെ കൃത്യമായ ഇടപെടലിലൂടെ പല കേസുകളിലും കാലതാമസമില്ലാതെ പരിഹാരമുണ്ടാക്കാൻ സാധിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. പ്രവാസി മലയാളി എന്ന പേരിൽ തുടങ്ങുന്ന സംഘടനകളെല്ലാം സർക്കാർ സംവിധാനങ്ങളാണെന്ന് തെറ്റിദ്ധരിച്ച് പണം നിക്ഷേപിക്കുന്നവർ ചതിക്കപ്പെടാൻ സാധ്യതയുണ്ട്. ഇത്തരം വ്യാജ സംഘടനകളെ തിരിച്ചറിയാൻ പ്രവാസികൾ ജാഗ്രത പാലിക്കണമെന്നും ഇതിനെതിരെയുള്ള ബോധവത്ക്കരണം കമ്മീഷൻ ശക്തമാക്കുമെന്നും ജസ്റ്റിസ് സോഫി തോമസ് പറഞ്ഞു.
വിദേശപഠനം ആഗ്രഹിക്കുന്ന വിദ്യാർഥികളും രക്ഷിതാക്കളും യൂണിവേഴ്സിറ്റികളുടെ അംഗീകാരവും ജോലി സാധ്യതകളും കൃത്യമായി പരിശോധിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. നോർക്ക ഡിപ്പാർട്ട്മെന്റിന്റെ "ഓപ്പറേഷൻ ശുഭയാത്ര’ പോലുള്ള പദ്ധതികളിൽ രജിസ്റ്റർ ചെയ്ത് വിവരങ്ങൾ തേടുന്നത് തട്ടിപ്പുകൾ ഒഴിവാക്കാൻ സഹായിക്കും. അനധികൃത റിക്രൂട്ടിംഗ് ഏജൻസികളുടെയും സ്ഥാപനങ്ങളുടെയും ചതിക്കുഴികളെക്കുറിച്ച് പോലീസിനും നോർക്ക റൂട്ട്സിനും വെൽഫെയർ ബോർഡിനും കൃത്യമായ വിവരങ്ങൾ കൈമാറുന്നുണ്ട്.
പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പ്രവാസി പ്രശ്നങ്ങളിൽ വേഗത്തിൽ പരിഹാരം കാണാനാണ് കമ്മീഷൻ ശ്രമിക്കുന്നത്. പരാതികൾ ശ്രദ്ധയിൽപ്പെട്ടാൽ കാലതാമസം കൂടാതെ കമ്മീഷനെ അറിയിക്കണമെന്നും ചെയർപേഴ്സണ് അറിയിച്ചു.
അദാലത്തിൽ 75 കേസുകളാണ് പരിഗണിച്ചത് 40 കേസുകളിൽ പരാതിക്കാർ ഹാജരായി. 25 പുതിയ കേസുകൾ കമ്മീഷന് മുന്പാകെ എത്തി. നാലു കേസുകൾ പരിഹരിച്ചു. ചില കേസുകളിൽ പോലീസ് റിപ്പോർട്ട് തേടി. മറ്റുള്ള കേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റിവച്ചു. കണ്ണൂർ- കാസർഗോഡ് ജില്ലകൾക്കുള്ള അദാലത്ത് മാർച്ച് 10ന് കണ്ണൂരിൽ നടക്കും. അദാലത്തിൽ കമ്മീഷൻ സെക്രട്ടറി ആർ. ജയറാം കുമാർ, അംഗങ്ങളായ പി.എം. ജാബിർ, എം.എം. നയീം തുടങ്ങിയവർ പങ്കെടുത്തു.
District News
അങ്ങാടിപ്പുറം: ചുങ്കത്തറ മാർത്തോമ കോളജ് മൈതാനത്ത് നടന്ന ജില്ലാ മിനി നെറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ പരിയാപുരത്തിന് ഇരട്ടക്കിരീടം. ജില്ലാ സ്പോർട്സ് കൗണ്സിലും ജില്ലാ നെറ്റ്ബോൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച മത്സരത്തിൽ ആണ്കുട്ടികളുടെ വിഭാഗത്തിലും (സ്കോർ: 8 - 3) പെണ്കുട്ടികളുടെ വിഭാഗത്തിലും (സ്കോർ: 7 - 4) ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിനെ ഫൈനലിൽ തോൽപ്പിച്ചാണ് ഫാത്തിമ യുപി സ്കൂളിലെയും സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെയും താരങ്ങൾ അണിനിരന്ന പരിയാപുരം ടീം കിരീടം ചൂടിയത്.
വിജയിച്ച മുഴുവൻ ടീമംഗങ്ങളും പരിയാപുരം മരിയൻ സ്പോർട്സ് അക്കാഡമിയിലെ താരങ്ങളാണ്. ആരോണ് അജീഷ് (ക്യാപ്റ്റൻ), സുമിത്ത് ശങ്കർ, സാവിയോ ജോഷി, കെ. മുഹമ്മദ് റയ്യാൻ, ആൽബർട്ട് ജെറിൻ, കെ. മുഹമ്മദ് ഫസൽ, ജോണ് മരിയ വിയാനി, കെവിൻ ജോബ് അലക്സ്, സാവിയോ റെന്നിച്ചൻ എന്നിവർ ആണ്കുട്ടികളുടെ വിഭാഗത്തിലും എയ്ഞ്ചൽ സുനീഷ് (ക്യാപ്റ്റൻ), ലയോണ വിനോജ്, സി. വിസ്മയ, ശ്രീചിത്ര, കെ. കൃഷ്ണപ്രിയ, ആഗ്ന സിബി, നീസ എബി, ആയിഷ അൻഹ, ബ്ലസ് തെരേസ് ഇ. ജോളി എന്നിവർ പെണ്കുട്ടികളുടെ വിഭാഗത്തിലും പരിയാപുരത്തിനായി ജഴ്സിയണിഞ്ഞു.
മാർത്തോമ കോളജ് കായികവിഭാഗം മേധാവി പി.കെ. രാജേഷ് ഉദ്ഘാടനം ചെയ്തു. കെ.എസ്. സിബി, അഖിൽ ആന്റണി, പി. നിഖിൽ, ഒ.എ. മറിയാമ്മ എന്നിവർ പ്രസംഗിച്ചു.
District News
മലപ്പുറം: രോഗപ്രതിരോധത്തിന്റെ സന്ദേശം നൽകി ആയുഷ് വകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി നടത്തുന്ന "ഹെൽത്തി കേരള ’ പ്രചാരണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കം കുറിച്ചു. മലപ്പുറം സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ നഗരസഭാ ചെയർപേഴ്സണ് വി. റിനിഷ ഉദ്ഘാടനം നിർവഹിച്ചു.
രോഗങ്ങളെക്കുറിച്ച് ബോധവത്കരണം നടത്തുക, പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുക, നല്ല ഭക്ഷണം, വ്യായാമം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് കാന്പയിൻ ലക്ഷ്യമിടുന്നത്. ഐഎസ്എം ഡിഎംഒ ഡോ. റോയി ജോസഫ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിമി മുരളി, ഹോമിയോ ഡിഎംഒ ഡോ. ജുമൈലത്ത്, ഡോ. നസീല, എ.കെ. അഷ്റഫ് എന്നിവർ പ്രസംഗിച്ചു. കാന്പയിന്റെ ഭാഗമായി കോട്ടക്കുന്നിൽ യോഗ പ്രദർശനം നടത്തി. കളക്ടർ വി.ആർ. വിനോദ് മുഖ്യാതിഥിയായിരുന്നു.
കാന്പയിന്റെ ഭാഗമായി സിവിൽ സ്റ്റേഷനിൽ നടത്തിയ പ്രദർശനം ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി. ജീവിത ശൈലി രോഗത്തെക്കുറിച്ചും പ്രതിരോധ മാർഗങ്ങളെ സംബന്ധിച്ചും അറിവ് നൽകുന്നതായിരുന്നു പ്രദർശനം. സൗജന്യ മെഡിക്കൽ ക്യാന്പും ഇതോടൊപ്പം ഒരുക്കിയിരുന്നു.
രോഗനിർണയത്തോടൊപ്പം മരുന്നും സൗജന്യമായി വിതരണം ചെയ്തു. ആരോഗ്യകരമായ ഭക്ഷണരീതി പരിചയപ്പെടുത്തുന്ന സ്റ്റാളും പ്രദർശനത്തിലുണ്ടായിരുന്നു. ഭക്ഷണരീതി അറിയാനും രുചിച്ച് നോക്കാനും പാചകരീതി മനസിലാക്കാനും സാധിക്കുന്ന രീതിയിലാണ് സ്റ്റാൾ ഒരുക്കിയിരുന്നത്.
District News
നിലമ്പൂർ: കാലത്തിനനുസരിച്ച് മരവ്യവസായ മേഖലയിലും മാറ്റങ്ങൾ ഉണ്ടാകണമെന്ന് എ.പി. അനിൽകുമാർ എംഎൽഎ. ഓൾ കേരള സോമിൽ ആൻഡ് വുഡ് ഇൻഡസ്ട്രീസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം മന്പാട് താളിപ്പൊയിലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മരവ്യവസായ മേഖലയെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. മറ്റ് നിർമാണ സാമഗ്രികളേക്കാൾ ഈടുനിൽക്കുന്നതും പ്രകൃതി സൗഹൃദവുമായ മരത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്നും എംഎൽഎ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബീരാൻകുട്ടി കോട്ടക്കൽ അധ്യക്ഷത വഹിച്ചു. നിലന്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാർ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന പ്രസിഡന്റ് കെ.സി.എൻ. അഹമ്മദ് കുട്ടി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ആയിക്കലം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെക്കുറിച്ചുള്ള ചർച്ചകളും സമ്മേളനത്തിൽ ഉണ്ടായിരുന്നു.
District News
രാമപുരം: നാലാം ക്ലാസിലെ ഇംഗ്ലീഷ് പാഠഭാഗ പ്രവർത്തനത്തിന്റെ ഭാഗമായി എഎച്ച്എൽപി സ്കൂൾ വിദ്യാർഥികൾ കേക്ക് നിർമാണ ഫെസ്റ്റ് നടത്തി. ഓരോ കുട്ടികളും രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽ തന്നെ തയാറാക്കിയ വിവിധതരം കേക്ക് വിഭവങ്ങളാണ് സ്കൂളിൽ പ്രദർശനത്തിനായി ഒരുക്കിയത്.
വ്യത്യസ്ത രൂപകല്പനകളും രുചിവൈവിധ്യവും നിറഞ്ഞ കേക്കുകൾ കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകൾക്ക് തെളിവായി. അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമായി.
District News
പര്യടനം കൊണ്ടോട്ടിയിൽനിന്ന് ആരംഭിക്കും
നിലമ്പൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ജില്ലയിൽ 12 കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. 13, 14 തിയതികളിലായാണ് ജില്ലയിലെ പര്യടനം.
13ന് രാവിലെ 10ന് കൊണ്ടോട്ടിയിൽനിന്നാരംഭിക്കുന്ന പര്യടനം അരീക്കോട്, നിലന്പൂർ, വണ്ടൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മലപ്പുറത്ത് സമാപിക്കും.
രണ്ടാം ദിനത്തിൽ വേങ്ങരയിൽനിന്ന് ആരംഭിച്ച് എടപ്പാളിലാണ് സമാപനമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുക്കും.
യാത്രയ്ക്ക് വിപുലമായ സ്വീകരണം നൽകുമെന്നും യാത്രയെ വരവേൽക്കാൻ ഒരുക്കങ്ങൾ പൂർത്തിയായതായും കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു.
കേരളത്തിലെ ജനവിരുദ്ധ സർക്കാരിനെതിരേയുള്ള ശക്തമായ താക്കീതായി യാത്ര മാറുമെന്നും അദ്ദേഹം പറഞ്ഞു.
District News
പുലാമന്തോൾ: ലോക കാൻസർ ദിനത്തിൽ പുലാമന്തോൾ "സഖി വനിത' കൂട്ടായ്മയും പെരിന്തൽമണ്ണ മൗലാന ആശുപത്രിയും ചേർന്ന് വനിതകൾക്കായി കാൻസർ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. പുലാമന്തോൾ എയുപി സ്കൂളിൽ നടത്തിയ പരിപാടിയിൽ മൗലാന ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോ. വിജി കൊളത്തോടൻ ക്ലാസ് നയിച്ചു.
പഞ്ചായത്തിൽനിന്ന് ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന വനിതകൾക്ക് "സഖി കൂട്ടായ്മ'യ ഏർപ്പെടുത്തിയ സഖി വുമണ് അക്കാഡമിക് നായിക അവാർഡ് കെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ ഡോ. ഒ.പി. ഫർസാനയ്ക്ക് ലഭിച്ചു. അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് സ്വാൻ അവാർഡ്. "സ്ത്രീ അന്നും ഇന്നും' വിഷയത്തിൽ സഖി കൂട്ടായ്മ നടത്തിയ ലേഖന മത്സരവിജയി വത്സല ദേവിയെ ആദരിച്ചു.
സഖി പ്രസിഡന്റ് വി.എം. സീനത്ത്, സെക്രട്ടറി ഡോ. സ്മിത റഹ്മാൻ, ട്രഷറർ അന്നത്ത് എന്നിവർ പങ്കെടുത്തു.
District News
രാമപുരം: ലഹരിവ്യാപനം തടയാൻ ശക്തമായ നിയമനിർമാണം നടത്തണമെന്നും കർശനമായി നടപ്പാക്കണമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ. ലഹരിവർജന മിഷൻ വിമുക്തിയുടെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് രാമപുരം ജെംസ് ആർട്സ് ആൻഡ് സയൻസ് കോളജിൽ നടത്തിയ കമ്യൂണിറ്റി ഒൗട്ട്റീച്ച് പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് പുരോഗമനപരമായ എല്ലാ കാര്യങ്ങളിലും മുന്നിൽനിൽക്കുന്ന കേരളത്തിൽ ലഹരി ഉപയോഗത്തിന്റെ കണക്കുകൾ ഞെട്ടിക്കുന്നതാണെന്ന് എംഎൽഎ പറഞ്ഞു.
പ്രതിവർഷം 28,000 ത്തിലധികം ലഹരികേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തുവെന്നത് ഗൗരവമായി കാണണം. പുതിയ ആശയങ്ങൾക്ക് പകരം പുതിയ രാസലഹരികൾ രുചിക്കാനുള്ള പ്രവണത അനേകം പേരുടെ ജീവിതം പാഴാക്കിക്കളയുകയാണ്.
ലഹരിയെന്ന സാമൂഹ്യവിപത്തിനെ മാറ്റിനിർത്താൻ വിദ്യാർഥികൾ ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹനീഫ പെരിഞ്ചീരി, പുഴക്കാട്ടിരി ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് അബൂബക്കർ, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ സാദിഖലി പാത്തിക്കൽ, ജെംസ് കോളജ് വൈസ് പ്രിൻസിപ്പൽ അബ്ദുസമ്മദ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. അനൂപ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. ബിജു ബോധവത്കരണ ക്ലാസെടുത്തു.
എക്സൈസ് ഇൻസ്പെക്ടർ എം. യൂനസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
District News
മാണി താഴത്തേൽ
കരുവാരകുണ്ട്: മലമുകളിലെ വിസ്മയമായ കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ ഒഴുക്ക്. കരുവാരകുണ്ടിലെ കൽക്കുുണ്ടിലാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. മലപ്പുറം ജില്ലക്കകത്തും പുറത്തു നിന്നുള്ള വിനോദസഞ്ചാരികളാണ് വെള്ളച്ചാട്ടം കാണാൻ ഇവിടെ എത്തുന്നത്. അവധി ദിവസങ്ങളിലാണ് തിരക്ക് കൂടുതൽ. ഒലിപ്പുഴയുടെ ഉത്ഭവ കേന്ദ്രമാണ് ഇവിടം. കരുവാരകുണ്ട് ടൗണിൽനിന്ന് ആറ് കിലോ മീറ്റർ അകലെയാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം. ജീപ്പ് യാത്രയാണ് ഏറ്റവും സുഖകരം.
കൽക്കുുണ്ട് അട്ടിയിൽ എത്തിയാൽ റോഡിന് കുറുകെ കാട്ടരുവിയുണ്ട്. ഇവിടെ വാഹനം നിർത്തി വെള്ളച്ചാട്ടം ആരംഭിക്കുന്ന സ്ഥലത്തേക്ക് നടക്കാം. ടാർ ചെയ്ത റോഡ്് കുറച്ചു സ്ഥലം വരെയുണ്ട്. അതിനു ശേഷം കയറ്റമാണ്. സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിലൂടെ നടന്ന് വെള്ളച്ചാട്ടത്തിന് അരികിലെത്താം. 150 അടി ഉയരത്തിൽനിന്നാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.
സമുദ്ര നിരപ്പിൽനിന്ന് 1,500 അടി ഉയരത്തിലാണ് വെള്ളച്ചാട്ടത്തിന് തുടക്കം. സൈലന്റ് വാലി ബഫർ സോണിലെ കാട്ടരുവികളിൽനിന്ന് എത്തുന്ന ജലമാണ് കേരളാംകുണ്ടിൽ എത്തുന്നത്. ഉൗട്ടിയോട് സമാനമായ കാലാവസ്ഥയാണ് ഇവിടെ. പ്രകൃതിസൗന്ദര്യം നിറഞ്ഞ മലമടക്കുകളുള്ള ഈ സ്ഥലം സൈലന്റ് വാലിയോട് തൊട്ടുചേർന്നാണുള്ളത്. പലതരത്തിലുള്ള പച്ചമരുന്നുകളും ഇവിടെ കാണാം.
ഇവിടുത്തെ വെള്ളത്തിന് ഒൗഷധഗുണമുണ്ടെന്നും പഴമക്കാർ പറയുന്നു. വാനരക്കൂട്ടം സഞ്ചാരികളെ സ്വാഗതം ചെയ്യും. മയിലുകളും കാട്ടാനകളും കാട്ടുപന്നിയുമെല്ലാം കൗതുക കാഴ്ചയാണ്.
വെള്ളച്ചാട്ടത്തിനടുത്തുനിന്ന് ഒരു കിലോമീറ്റർ പോയാൽ നട്മെഗ് വാലിയിൽ എത്താം. ജാതി കൃഷിയുള്ളതിനാലാണ് ഈ പ്രദേശത്തിന് നട്മെഗ് വാലി എന്ന് പേരു വന്നത്. വലിയപാറയിൽ ഇരുന്നാൽ കാടിന്റെ നിശബ്ദത നുകരാം.
ജാതി, റബർ, കൊക്കൊ, കമുക്, കാപ്പി തുടങ്ങിയവയാണ് പരിസര പ്രദേശങ്ങളിലെ കൃഷി. കൽക്കുണ്ട് റോഡിൽ ആനത്താനം ജംഗ്ഷനിൽനിന്ന് റോഡ് മാർഗവും വെള്ളച്ചാട്ടത്തിന് അടുത്തെത്താനാകും.
District News
മലപ്പുറം: കോഴിമാലിന്യം ശേഖരിക്കുന്നതിന് ജില്ലയിലെ റെൻഡറിംഗ് പ്ലാന്റുകൾ ഏകപക്ഷീയമായി ചാർജ് വർധിപ്പിച്ചത് അംഗീകരിക്കില്ലെന്നും ചിക്കൻ വ്യാപാരികളുടെ താത്പര്യം സംരക്ഷിക്കുന്നതിന് സംഘടന ഏതറ്റം വരെയും പോകുമെന്നും ചിക്കൻ വ്യാപാരി സമിതി ജില്ലാ കമ്മിറ്റി യോഗം ചൂണ്ടിക്കാട്ടി.
കിലോക്ക് അഞ്ച് രൂപ തോതിൽ കോഴിക്കടകളിൽനിന്ന് കോഴിമാലിന്യം ശേഖരിച്ചിരുന്ന റെൻഡറിംഗ് പ്ലാന്റുകാർ ഒറ്റയടിക്ക് ഏഴ് രൂപയാക്കി വർധിപ്പിക്കുകയാണ് ചെയ്തത്.
ഇതു സംബന്ധിച്ച് കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പാക്കുന്നത് വരെ മുൻ ഉത്തരവ് പ്രകാരമുള്ള അഞ്ച് രൂപ മാത്രമേ ഈടാക്കാവൂ എന്ന ഉത്തരവ് നിലനിൽക്കെയാണ് ഈ വർധനവ് നടപ്പാക്കിയത്.
ഇത് അംഗീകരിക്കില്ലെന്നും ചിക്കൻ വ്യാപാരികൾക്ക് ഗുണകരമല്ലാത്ത യാതൊരു അനുരഞ്ജനത്തിനും സംഘടന തയാറല്ലെന്നും യോഗം അറിയിച്ചു. ഹൈക്കോടതി ഉത്തരവ് നടപ്പാക്കി കിട്ടുന്നതിന് ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി ഇടപെടൽ നടത്തിയില്ലെന്നും യോഗം ആരോപിച്ചു.
യോഗത്തിൽ ആർ.വി. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. മുജീബ് കാളിപ്പാടൻ, പി.പി. ഷാനവാസ്, മുഹമ്മദ് തെയ്യന്പാട്ടിൽ എന്നിവർ പ്രസംഗിച്ചു.
District News
മലപ്പുറം: കോട്ടക്കലിൽ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫോർ സ്റ്റാർ ആഡംബര ഹോട്ടൽ "ലിവ’ പ്രവർത്തനമാരംഭിച്ചു. പിഎസ്ജി ഹോട്ടൽസ് ആൻഡ് റിസോർട്സ് എൽഎൽപി ഗ്രൂപ്പിന്റെ കീഴിൽ ഒതുക്കുങ്ങൽ കൊളത്തുപറന്പിലാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ സംരംഭം യാഥാർഥ്യമായത്.
ബിസിനസ് യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ചികിത്സയ്ക്കായി എത്തുന്നവർക്കും മികച്ച ഹോസ്പിറ്റാലിറ്റി ഉറപ്പാക്കുകയാണ് ലിവയുടെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ സജീവ് രാമകൃഷ്ണൻ പറഞ്ഞു.
വിശാലമായ എയർ കണ്ടീഷൻഡ് സ്യൂട്ട് റൂമുകൾക്ക് പുറമേ, "തീരം’ മൾട്ടിക്വിസീൻ റെസ്റ്റോറന്റ്, ഗ്രാമീണ ഭംഗി ആസ്വദിക്കാവുന്ന "മിഡ്നൈറ്റ്സ്’ റൂഫ്ടോപ്പ് ഓപ്പണ് എയർ റെസ്റ്റോറന്റ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
വിവാഹങ്ങൾക്കും കോർപറേറ്റ് മീറ്റിംഗുകൾക്കുമായി 300 പേർക്ക് ഇരിക്കാവുന്ന "സെറീൻ’ ബാങ്ക്വെറ്റ് ഹാൾ, "അഥീന’ ഹാൾ, ബിസിനസ്സ് ആവശ്യങ്ങൾക്കായി "ക്രിസ്റ്റൽ’ കോണ്ഫറൻസ് ഹാൾ, "ഹാർമണി’ ബോർഡ് റൂം എന്നിവയും ഇവിടെ സജ്ജമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പാക്കേജുകളും ഓഫറുകളും ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു.
District News
മലപ്പുറം: കോവിഡ് കാലത്ത് ക്വാറി അടച്ചുപൂട്ടിയപ്പോൾ പണിയില്ലാതായ തൊഴിലാളികളെ ഉപയോഗിച്ച് കൊണ്ടോട്ടിയിലെ കെ.എം. കോയാമു തുടങ്ങിയ നെടിയിരുപ്പിൽ ചിറയിൽ അഗ്രോ ഗാർഡൻസ് ഇന്ന് പല തരം ഫലവൃക്ഷത്തൈകളുടെ പറുദീസ.
2021ൽ 36 ഏക്കറിൽ തുടങ്ങിയ സംരംഭം അഞ്ച് വർഷത്തിനിടെ മലബാറിലെ തന്നെ സമാനതകളില്ലാത്ത ഏറ്റവും മികച്ച സ്ഥാപനമായി മാറി. സംസ്ഥാനത്തെ 300ലധികം നഴ്സറികൾ മികച്ച തൈകൾക്കും വിത്തുകൾക്കുമായി ആശ്രിയിക്കുന്ന ചിറയിൽ അഗ്രോ ഗാർഡൻസിനെ 2022ൽ സംസ്ഥാന കാർഷിക വകുപ്പിന്റെ അംഗീകാരം തേടിയെത്തി. തുടർന്ന് കേന്ദ്ര നാളികേര വികസന ബോർഡിന്റെ സാന്പത്തിക സഹായവും ലഭിച്ചു.
ഉപയോഗശൂന്യമായ കരിങ്കൽ ക്വാറികളെ നാടിന്റെ കാർഷിക വളർച്ചയ്ക്ക് ഉതകുന്ന രീതിയിൽ എങ്ങനെ ഹരിതാഭമാക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ സ്ഥാപനം. വർഷത്തിൽ മൂന്ന് ലക്ഷം തൈകളാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഇതിൽ രണ്ടര ലക്ഷം തൈകൾ വിവിധ നഴ്സറികളിലേക്കാണ് നൽകുന്നത്. കൊണ്ടോട്ടിക്ക് പുറമേ സ്ഥാപനത്തിന് ഇന്നിപ്പോൾ അഞ്ച് സഹ സ്ഥാപനങ്ങൾ കൂടിയുണ്ട്.
പ്രത്യേക ഇനം ഫലവൃക്ഷത്തൈകളും നാടൻ തൈകളും വിദേശത്ത് കാണുന്ന ഫലവൃക്ഷങ്ങളും അപൂർവ ഇനത്തിൽപ്പെട്ട ഫലവർഷങ്ങളുടെ തൈകളും ഇവിടെ ലഭ്യമാണ്. ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയർ എന്നീ സംവിധാനങ്ങൾ വഴിയാണ് മേൻമയുള്ള തൈകൾ ഉത്പാദിക്കുന്നത്.
തൈകൾ പറഞ്ഞ സമയത്ത് ഫലം തരാതിരിക്കുകയോ നശിച്ച് പോവുകയോ ചെയ്താൽ പകരം തൈ നൽകുക മാത്രമല്ല, ആ തൈയുടെ പരിചരണത്തിന് വന്ന ചെലവും സ്ഥാപനം തിരിച്ച് നൽകും. ഒരു മാവിൽ തന്നെ ഒന്നിൽ കൂടുതൽ വ്യത്യസ്ഥ തരം മാങ്ങകൾ ലഭിക്കുന്ന മൾട്ടി മാവ് തൈകൾ ചിറയിൽ അഗ്രോ ഗാർഡൻസിന്റെ പ്രത്യേകതയാണ്.
പ്രത്യേക ഇനം ഫലവൃക്ഷതൈകളും നാടൻ തൈകളും വിദേശത്ത് കാണുന്ന ഫലവൃക്ഷങ്ങളും അപൂർവ ഇനത്തിൽപ്പെട്ട ഫലവർഷങ്ങളുടെ തൈകളും ഇവിടെ ലഭ്യമാണ്. കേരളത്തിന്റെ കാലാവസ്ഥക്ക് യോജിച്ച രീതിയിലുള്ള ബഡിംഗ്, ഗ്രാഫ്റ്റിംഗ്, ലയർ എന്നീ സംവിധാനങ്ങൾ വഴിയാണ് മേൻമയുള്ള തൈകൾ ഉത്പാദിക്കുന്നത്. തൈ വില്പനയിൽ മാത്രമല്ല, വില്പനാന്തര സേവനത്തിലും സ്ഥാപനം മാതൃകയാണ്.
മലപ്പുറത്ത് കഴിഞ്ഞദിവസം സമാപിച്ച ജില്ലാ കാർഷിക പ്രദർശന മേളയിൽ സജീവമായിരുന്നു ചിറയിൽ അഗ്രോ ഗാർഡൻസ് സ്റ്റാൾ. സിവിൽ സ്റ്റേഷനിൽ സജ്ജീകരിച്ച സ്റ്റാൾ കാണാനും ഫലവൃക്ഷത്തൈകൾ വാങ്ങാനും നൂറുക്കണക്കിനാളുകളാണ് എത്തിയത്. സ്റ്റാളിൽ കൊണ്ടുവന്ന 90 ശതമാനം തൈകളും വിറ്റുപോയതായി കോയാമു പറഞ്ഞു. ജില്ലാ കളക്ടർ വി.ആർ. വിനോദ് അടക്കമുള്ള ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്റ്റാൾ സന്ദർശിച്ചു.
District News
നിലമ്പൂർ: നിലമ്പൂരിൽ രണ്ട് ദിവസങ്ങളിലായി നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സമ്മേളനം സമാപിച്ചു. കേരളീയ സമൂഹം ഉപേക്ഷിച്ച അന്ധവിശ്വാസങ്ങളും ജാത്യാചാരങ്ങളും ജീർണതകളും ഒളിച്ചുകടത്താനുള്ള ഗൂഢശ്രമങ്ങളെ പ്രതിരോധിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
വന്യജീവി ആക്രമണ ലഘൂകരണത്തിന് ശാസ്ത്രീയ പഠനവും പരിഹാരവും വേണം. ജപ്പാൻജ്വരം രോഗപ്രതിരോധ കുത്തിവയ്പ് പരിപാടി വിജയിപ്പിക്കുക, മാലിന്യമുക്ത മലപ്പുറം ജില്ലക്ക് തദ്ദേശ സ്ഥാപനങ്ങൾ മുൻഗണന നൽകുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ജീവിതം തന്നെ ലഹരി, ഡിജിറ്റൽ ഹൈജീൻ, കുട്ടികളുടെ അവകാശങ്ങളും നിയമപരിരക്ഷയും, ലിംഗാവബോധം എന്ന സവിശേഷ മൊഡ്യൂളുകൾ രൂപപ്പെടുത്തി പ്രാദേശിക കാന്പയിൻ നടത്താനും പ്രമുഖ ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ച് മലപ്പുറം സയൻസ് ഫെസ്റ്റിവൽ രണ്ടാം എഡിഷൻ നടത്താനും സമ്മേളനം തീരുമാനിച്ചു.
വീട്ടുമുറ്റങ്ങൾ, വിദ്യാലയങ്ങൾ, വായനശാലകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവിടങ്ങളിൽ സംവാദ സദസുകൾ, ബോധവത്കരണ പരിപാടികൾ എന്നിവ നടത്തും. സമാപന ദിവസം പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. മീരാഭായി സംഘടനാരേഖയും ശാസ്ത്രകേരളം എഡിറ്റർ ഡോ. വി.കെ. ബ്രിജേഷ് ഭാവിരേഖയും വി.ആർ. പ്രമോദ് ജില്ലാ ഭാവിപ്രവർത്തന രേഖയും അവതരിപ്പിച്ചു.
പരിഷത്ത് പ്രസിദ്ധീകരിച്ച ഡോ. കെ. വിജയകുമാർ രചിച്ച വയോജന പരിപാലനം: ശാസ്ത്രം സമൂഹം പുസ്തകം ഡോ. കെ.ആർ. വാസുദേവന് നൽകി ടി.കെ. മീരാഭായി പ്രകാശനം ചെയ്തു. ഭാരവാഹികൾ: വി.ആർ. പ്രമോദ് (പ്രസിഡന്റ്), വി. രാജലക്ഷ്മി (സെക്രട്ടറി), സുബ്രഹ്മണ്യൻ പാടുകണ്ണി (ഖജാൻജി), വി.വി. ദിനേശ്, ടി.ടി. ജയ (ജോയിന്റ്് സെക്രട്ടറി), എൻ. സ്മിത, എൻ. അനൂപ് (വൈസ് പ്രസിഡന്റ്).
District News
ഉമ്മച്ചൻ തെങ്ങുംമൂട്ടിൽ
കാളികാവ്: പ്രകൃതിരമണീയമായ സൈലന്റ്വാലി വനമേഖലയോട് ചേർന്ന കിഴക്കൻ മലകളുടെ അടിവാരത്ത് പ്രകൃതി അനുഗ്രഹിച്ച ശാന്തസുന്ദര കുടിയേറ്റ ഗ്രാമത്തിലാണ് കൃഷി വിജയത്തിന്റെ മറ്റൊരു വിജയഗാഥ. സമ്മിശ്ര നാണ്യവിള കൃഷി രീതികളിലൂടെ വിജയത്തിന്റെ പടവുകൾ കയറുകയാണ് അടക്കാക്കുണ്ടിലെ ടോംസണ് എന്ന കർഷകൻ.
മാഞ്ചോലയിലെയും പാറശേരിയലെയുമെല്ലാം തന്റെ സ്വന്തം കൃഷിയിടങ്ങളിൽ വിവിധതരം നാണ്യവിള കൃഷികളുടെയും ഭക്ഷ്യഫലവർഗങ്ങളുടെയും പൂർണ പരിപാലനത്തിൽ സജീവമാണ് ടോംസണ്. പാട്ടത്തിനെടുത്ത നൂറേക്കറിലേറെ വരുന്ന ഭൂമിയിൽ നേന്ത്രവാഴ കൃഷിയുമുണ്ട് ഈ കുടിയേറ്റ കർഷകന്.
വിജയം സമ്മിശ്ര കൃഷി
റബർ, തെങ്ങ്, കമുക്, കുരുമുളക്, കാപ്പി, ജാതി, റന്പൂട്ടാൻ ഉൾപ്പടെ ഹരിതാഭമായ നാണ്യ-ഫലവൃക്ഷങ്ങളും ഭക്ഷ്യോത്്ന്നങ്ങളായ ഇടവിളകൃഷികളും നിറഞ്ഞതാണ് ടോംസന്റെ കൃഷിയിടം. വരുമാനത്തിനൊപ്പം ആത്മസംതൃപ്തിയും സന്തോഷവും തരുന്ന കാർഷിക ജീവിതത്തിന്റെ നേർക്കാഴ്ചകൾ ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങളിലുണ്ട്. പാരന്പര്യ അറിവുകളും നൂതന ആശയങ്ങളും ഉൾച്ചേർത്താണ് ഇദ്ദേഹത്തിന്റെ കൃഷിരീതികൾ.
നടുതല കൃഷിയും നേന്ത്രവാഴ കൃഷിയും
മുന്പ് കപ്പയും കാച്ചിലും ചേനയും ചേന്പും കാന്താരിയും പിന്നെ ഇഞ്ചിയും മഞ്ഞളും ഉൾപ്പടെ നടുതല കൃഷികളെല്ലാം ഇടവിളകൃഷിയായി ചെയ്തിരുന്നു പ്രദേശത്തെ മറ്റ് കർഷകരോടൊപ്പം ടോംസനും. ഇടക്കാലത്ത് ഇത്തരം നടുതല കൃഷിയിൽനിന്ന് വന്യമൃഗശല്യം മൂലം വിട്ടുനിൽക്കേണ്ടി വന്നെങ്കിലും നാണ്യവിള വരുമാനത്തെ മാത്രം ആശ്രയിച്ചാൽ പിടിച്ചുനിൽക്കാനാകില്ലെന്ന തിരിച്ചറിവിലാണ് ടോംസനും കൂട്ടരും നേന്ത്രവാഴ കൃഷി കൂടി ആരംഭിച്ചത്. കരുവാരകുണ്ട് പഞ്ചായത്തിൽ കുണ്ടോട എസ്റ്റേറ്റിന്റെ ഭാഗമായ പ്രദേശത്തും ചവിടിക്കുഴിയിലുമായി നാലു വർഷത്തേക്ക് പാട്ടത്തിനാണ് വാഴകൃഷി.
വിജയം തരുന്നത് തളരാത്ത മനസ്
കഴിഞ്ഞ വർഷം ടോംസന്റെ കൃഷിയിടത്തിൽ 2500ൽപ്പരം നേന്ത്രവാഴകൾ കുലച്ചുതുടങ്ങിയപ്പോൾ തന്നെ കാറ്റിൽ നാശം സംഭവിച്ചിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിള ഇൻഷ്വറൻസ് പദ്ധതിയിൽ 5000 വാഴ ഇൻഷ്വർ ചെയ്തിരുന്നെങ്കിലും നയാ പൈസ പോലും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ടോംസണ് പറഞ്ഞു.
എന്നാൽ പ്രതിസന്ധികളിൽ തളരാതെ ഒന്നേകാൽ ലക്ഷത്തിലധികം നേന്ത്രവാഴകൾ ടോമിച്ചൻ കൂട്ടുകാരനായ വെള്ളമ്മാക്കൽ ബിജുവിനൊപ്പം ഇത്തവണ കൃഷിയിറക്കിയിട്ടുണ്ട്. 15 ഇതരസംസ്ഥാന തൊഴിലാളി കുടുംബാംഗങ്ങൾ ഇവരുടെ വാഴകൃഷിയിടത്തിൽ ജോലി ചെയ്യുന്നുണ്ട്.
അതിജീവനത്തിനായി പോരാട്ടം
സസ്യലതാദികൾ നിറഞ്ഞ് ഇലപൊഴിയാ വനങ്ങളെന്നോ നിഴൽവീഴാ കാടുകളെന്നോ വിളിക്കാവുന്ന തരത്തിലുള്ള നിത്യഹരിതാഭമായിരുന്നു ഒരിക്കൽ ടോംസന്റേത് പോലെ മേഖലയിലെ മറ്റു മലയോര കർഷകരുടെയും കൃഷിയിടങ്ങൾ.
കുന്നുകളിൽ കല്ലുകൊണ്ടും മണ്ണുകൊണ്ടും ഇടകയ്യാലകൾ വച്ച് മണ്ണൊലിപ്പ് തടഞ്ഞ്, നഷ്ടപ്പെടുന്ന മരങ്ങൾക്ക് പകരം പുതു വൃക്ഷത്തൈകൾ നട്ട് മക്കളെപോലെ പരിപാലിച്ചുവന്നവരാണ് കർഷകർ.
എന്നാൽ കാട്ടാനയും കാട്ടുപന്നിയും കുരങ്ങും ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായപ്പോൾ കൃഷിയിടങ്ങളിൽ നിലനിൽക്കാൻ പോരാടുകയാണ് ഇവരെല്ലാം. ടോംസന്റെയും അനുഭവം മറ്റൊന്നല്ല.
കഴിഞ്ഞ മേയ് മാസത്തിൽ ടാപ്പിംഗ് തൊഴിലാളിയെ നരഭോജി കടുവ പിടികൂടി ഭക്ഷിച്ച റബർതോട്ടം ടോംസന്റെ പാറശേരിയിലെ റബറും കാപ്പിയും കുരുമുളകും കൃഷി ചെയ്യുന്ന കൃഷി സ്ഥലത്തിനടുത്തായിരുന്നു.
കാട്ടാനയും പന്നിയും കുരങ്ങുമൊക്കെ കൃഷി നശിപ്പിക്കുന്പോൾ കടുവയും പുലിയും യഥേഷ്ടം വിഹരിക്കുന്ന മേഖലയിൽ ജീവഭയത്തിൽ കഴിയുന്ന നാട്ടുകാർ ഇപ്പോൾ പശു, ആട് ഉൾപ്പെടെ വളർത്തുമൃഗങ്ങളെ വളർത്താനും ഭയപ്പെടുകയാണെന്നും ടോംസണ് പറയുന്നു.
അവാർഡ് വേണ്ട, പരിരക്ഷയും കരുതലും മതി
വന്യമൃഗശല്യത്തിൽനിന്ന് പരിരക്ഷ നൽകാമെന്ന് അധികൃതർ ഉറപ്പുതന്നാൽ മലയിറങ്ങിയ നിരവധി കർഷകരുടെ അനാഥമായി കിടക്കുന്ന ഭൂമി കൂടി സഹകരണാടിസ്ഥാനത്തിൽ ഭക്ഷ്യോത്പാദന കാർഷിക മേഖലയാക്കാമെന്നാണ് ടോംസനും കൂട്ടുകാരും പറയുന്നത്.
കൃഷിക്കാരെ കൊല്ലംതോറും നല്ല കർഷകരായി തെരഞ്ഞെടുത്ത് അവാർഡ് കൊടുക്കുന്നതിന് പകരം അവർ ഉത്പാദിപ്പിക്കുന്ന വാഴക്കുലകൾക്കും കപ്പയടക്കമുള്ള ഭക്ഷ്യവസ്തുക്കൾക്കും ന്യായവിലയും വന്യമൃഗശ്യത്തിൽനിന്ന് സംരക്ഷണവും നൽകണമെന്നാണ് ആവശ്യം.
ധനസഹായം നൽകണം
നാണ്യവിളകളും ഭക്ഷ്യവസ്തുക്കളും സംഭരിച്ച് സംസ്കരിച്ച് സൂക്ഷിക്കുന്നതിന് ആവശ്യമായ സംവിധാനം മലയോര കർഷിക മേഖലകളിൽ തുടങ്ങാൻ സർക്കാർ ധനസഹായം നൽകണമെന്നാണ് ടോംസന്റെ അഭിപ്രായം. വായ്പയും മറ്റുമെടുത്ത് ചെയ്യുന്ന കൃഷി നശിച്ചാൽ ഇൻഷ്വറൻസ് പരിരക്ഷയും മറ്റു നഷ്ടപരിഹാരവും ഉടൻ നൽകി സഹായിച്ചാൽ വീണ്ടും പുതുകൃഷി ചെയ്യാൻ കർഷകർക്ക് സാധിക്കും. അല്ലെങ്കിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗം കർഷകന് മുന്നിലുണ്ടാകില്ല.
പുതുതലമുറ കൃഷിയിലേക്ക് വരും
സർക്കാരും കൃഷിവകുപ്പും മനസുവച്ചാൽ തങ്ങളുടെ മക്കളുൾപ്പെടുന്ന ഭാവിതലമുറക്കും കാർഷികരംഗത്തെ അനുബന്ധ മേഖലകളിൽ തൊഴിൽ കണ്ടെത്താനാവുമെന്നാണ് ടോംസന്റെ പക്ഷം.
കൃഷി ലാഭകരമാണെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്താനും അവരെക്കൂടി കാർഷിക വഴിത്താരയിലൂടെ നടത്തിക്കാനും കഴിയണമെങ്കിൽ സർക്കാർ കർഷകരെ നല്ല നിലയിൽ പരിഗണിക്കണമെന്നാണ് ടോമിച്ചൻ പറയുന്നത്.
രാപകലില്ലാതെ കഠിനാനാധ്വാനം ചെയ്ത് മണ്ണിൽ പൊന്നു വിളയിക്കുന്നവർക്കാണ് സർക്കാരുകളുടെ കരുതൽ വേണ്ടതെന്നാണ് ടോംസന്റെ നിലപാട്.
District News
മലപ്പുറം: പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണമായ പ്രോജക്ടുകൾ തയാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി "ലിറ്റിൽ കൈറ്റ്സ് ’ ദ്വിദിന ജില്ലാ ക്യാന്പ് സമാപിച്ചു.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സ്കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.
പൂന്തോട്ടത്തിൽനിന്ന് തേൻ ശേഖരിച്ച് അവ പാക്കിംഗ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നു നൽകുന്ന നാല് സീനുകളുള്ള അനിമേഷൻ തയാറാക്കിയതിലൂടെ ത്രിമാന അനിമേഷൻ നിർമാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സ്റ്ററിംഗ്, ലൈറ്റിംഗ്, കാമറ അറേഞ്ച്മെന്റ്, റിഗിംഗ്, സൗണ്ട് മിക്സിംഗ് തുടങ്ങിയവ സ്വതന്ത്രസോഫ്റ്റ് വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ക്യാന്പിൽ പരിചയപ്പെട്ടു.
ജില്ലാ ക്യാന്പിൽനിന്ന് തെരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മേയിൽ നടത്തുന്ന സംസ്ഥാന ക്യാന്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.
കൈറ്റ് ജില്ലാ കോ ഓർഡിനേറ്റർ കെ. മുഹമ്മദ് ഷെരീഫ്, മാസ്റ്റർ ട്രെയിനർമാരായ പി.കെ. കുട്ടിഹസൻ, ഹസൈനാർ മങ്കട, സി.കെ. ഷാജി, സി. ജയകൃഷ്ണൻ, എ. ഗോകുൽനാഥ്, വി.വി. മഹേഷ്, സുമി കൃഷ്ണൻ, എൻ. സക്കീർ ഹുസൈൻ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി.
District News
ചേലശേരിക്കുന്ന് അങ്കണവാടിയിൽ നാടകീയ രംഗങ്ങൾ
നിലമ്പൂർ: നഗരസഭയിലെ ചക്കാലക്കുത്ത് വാർഡിൽ കുടുംബശ്രീ എഡിഎസ് തെരഞ്ഞെടുപ്പിനിടെ നാടകീയരംഗങ്ങൾ. യുഡിഎഫ് അംഗങ്ങൾ വൈകിയെത്തിയെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥ ചേലശേരിക്കുന്ന് ഹൈടെക് അങ്കണവാടി വാതിൽ അടയ്ക്കുകയും പ്രതിഷേധിച്ചവർ പുറമേനിന്ന് വാതിൽ കുറ്റിയിടുകയും ചെയ്തു.
ഇതോടെ ഉദ്യോഗസ്ഥ അടക്കമുള്ളവർ അങ്കണവാടി ഹാളിനുള്ളിൽ കുടുങ്ങി. അങ്കണവാടിയിൽ ഇന്നലെ രാവിലെ 10.30നാണ് തെരഞ്ഞെടുപ്പ് യോഗം വിളിച്ചത്. യുഡിഎഫ് അനുഭാവികൾ 10 മിനിട്ട് വൈകിയാണ് എത്തിയതെന്നും അതിനാൽ അകത്ത് പ്രവേശിപ്പിക്കാനാകില്ലെന്ന് ഉദ്യോഗസ്ഥ നിലപാടെടുത്തു.
അതേസമയം ഇവർക്കൊപ്പം എത്തിയ എൽഡിഎഫ് അംഗങ്ങളെ ഹാളിൽ കയറാൻ അനുവദിച്ചെന്നും ഉദ്യോഗസ്ഥ മോശമായി പെരുമാറിയെന്നും ആക്ഷേപമുയർന്നു.
സംഘർഷ സാധ്യത കണക്കിലെടുത്ത് നഗരസഭയിലെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ചുമതലയുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി.
പുറത്തു നിർത്തിയവരെ അകത്ത് പ്രവേശിപ്പിച്ചു. അപ്പോഴേക്കും 11 അംഗ സമിതിയിലേക്ക് പകുതിയിലധികം പേരെ തെരഞ്ഞെടുത്തിരുന്നു. വൈകി പ്രവേശനം ലഭിച്ചവർക്ക് തുടർന്നുള്ള തെരഞ്ഞെടുപ്പ് നടപടികളിൽ മാത്രമേ പങ്കെടുക്കാനായുള്ളൂ.
District News
മലപ്പുറം: ചേലേന്പ്രയിൽ കുളത്തിൽ മുങ്ങിത്താണ 19 വയസുകാരനെ മരണത്തിന്റെ വക്കിൽനിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേന്പ്ര ചെലൂപ്പാടം സ്വദേശിയായ എൻ.കെ. മുഹമ്മദ് ഹാഷിറി (31) ന് 2024 വർഷത്തെ ജീവൻ രക്ഷാപതക് അവാർഡ്.
2023 ജനുവരി 24ന് ചേലേന്പ്രയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ ഹരിനന്ദും (19) കൂട്ടുകാരനും കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഈ സമയം സമീപത്തെ കടയിൽ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീന്തൽ പരിശീലകനായ ഹാഷിർ അപകടവിവരം അറിഞ്ഞ് സ്ഥലത്തെത്തി. കുളത്തിന്റെ അരികിൽ ഭയന്ന് നിൽക്കുന്ന യുവാവിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് യുവാവിന്റെ സുഹൃത്തായ ഹരിനന്ദ് വെള്ളത്തിൽ മുങ്ങിപ്പോയതായി അറിഞ്ഞത്. ഉടനെ ആംബുലൻസ് വിളിക്കാൻ ആവശ്യപ്പെട്ട ശേഷം ഹാഷിർ കുളത്തിലേക്ക് ചാടി ഹരിനന്ദിനെ രക്ഷിക്കുകയായിരുന്നു.
പുറത്തെടുത്തപ്പോൾ പൾസും ശ്വാസവും ഇല്ലെന്ന് മനസിലാക്കിയ ഹാഷിർ കുളത്തിനരികിൽ കിടത്തി ഉടൻ സിപിആർ നൽകി. അഞ്ചാമത്തെ സൈക്കിളിൽ ഹരിനന്ദിന് ശ്വാസം തിരികെ ലഭിച്ചു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യസമയത്ത് ശാസ്ത്രീയമായ പ്രഥമശുശ്രൂഷ നൽകിയതാണ് ഹരിനന്ദിനെ ജീവിതത്തിലേക്ക് തിരികെ എത്തിക്കാനായതെന്ന് ചികിത്സിച്ച ഡോക്ടർമാരും സാക്ഷ്യപ്പെടുത്തി.
ഇതിനുള്ള അംഗീകാരമായാണ് ജീവൻ രക്ഷാ പതക് അവാർഡ് ഹാഷിറിനെ തേടിയെത്തിയത്. മന്ത്രി വി. അബ്ദുറഹ്മാൻ ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഹാഷിറിന് അവാർഡ് നൽകി. കളക്ടർ വി.ആർ. വിനോദ്, ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ (ദുരന്ത നിവാരണ വിഭാഗം) ഡെപ്യൂട്ടി കളക്ടർ ജയശ്രീ (എൽഎ) എന്നിവർ സന്നിഹിതരായിരുന്നു.
ഹാഷിറിനെ അവാർഡിലേക്ക് നാമനിർദേശം ചെയ്തത് ഹരിനന്ദിന്റെ അച്ഛൻ അഡ്വ. പ്രശാന്ത് ആണ്. എന്നാൽ ഹാഷിർ അവാർഡ് സ്വീകരിക്കുന്ന സന്തോഷ നിമിഷം കാണാൻ അദ്ദേഹം ഇന്നില്ല. നീന്തൽ പരിശീലകനും സന്നദ്ധപ്രവർത്തകനുമായ ഹാഷിർ ചേലുപാടം അഞ്ചുവർഷത്തോളമായി ചേലേന്പ്ര ഇടിമൂഴിക്കൽ പള്ളിക്കുളത്തിൽ നീന്തൽ പരിശീലകനാണ്. യുഎഇയുടെ ഇന്റർനാഷണൽ ലൈഫ് ഗാർഡ് സർട്ടിഫിക്കറ്റ് ലഭിച്ച ഹാഷിർ പ്രളയകാലങ്ങളിലുൾപ്പെടെ പ്രശംസനീയ സേവനം നടത്തിയിട്ടുണ്ട്. സ്വിമ്മിംഗ്, ഫ്രീ ഡൈവിംഗ് മേഖലകളിൽ പരിശീലനം നേടിയ ഹാഷിർ ഫ്രീ ഡൈവിംഗ് നാഷണൽ റിക്കാർഡ് ജേതാവാണ്.
നിലവിൽ നീന്തൽ പരിശീലകനും ഫിൻ സ്പോർട്സ് ആൻഡ് സ്വിമ്മിംഗ് അക്കാഡമിയുടെ സ്ഥാപകനുമാണ്. കൂടാതെ അമേരിക്കൻ സ്വിമ്മിംഗ് കോ ചെസ് അസോസിയേഷൻ അംഗവും ഏഷ്യ ഫ്രീ ഡൈവിംഗ് കോച്ചും സ്കൂബാ റെസ്ക്യൂ ഡൈവറും ഇന്റർനാഷണൽ സ്വിമ്മിംഗ് ലൈഫ് ഗാർഡുമാണ്.
District News
മഞ്ചേരി: പയ്യനാട് സ്റ്റേഡിയം സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് കൊടുക്കാനുള്ള നീക്കത്തിനെതിരേ മഞ്ചേരി നഗരസഭ സംഘടിപ്പിച്ച കോണ്ക്ലേവിൽ പ്രതിഷേധം. മാറുന്ന കാലത്തിനനുസരിച്ചുള്ള വികസനം സാധ്യമാക്കാൻ വിദഗ്ധരെയും സംഘടനാ പ്രതിനിധികളെയും പങ്കെടുപ്പിച്ച് നടത്തിയ വിഷൻ കോണ്ക്ലേവിലാണ് സ്റ്റേഡിയം വിവാദമുയർന്നത്. യാത്രാ പ്രശ്ന പരിഹാരം, റോഡ് വികസനം, മഞ്ചേരി പയ്യനാട് സ്റ്റേഡിയം വിപുലീകരണം തുടങ്ങിയ വിഷയങ്ങളിലും കോണ്ക്ലേവിൽ ചർച്ചയുണ്ടായി. നഗരസഭാധ്യക്ഷൻ വല്ലാഞ്ചിറ അബ്ദുൾ മജീദ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർപേഴ്സണ് അഡ്വ. ബീന ജോസഫ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സക്കീർ വല്ലാഞ്ചിറ, എം.വി. അബൂബക്കർ, കെ.പി. ഉമ്മർ, ഷാനിബ ഫൈസൽ, റിസ്വാന സാദിഖ്, ആസൂത്രണ ഉപാധ്യക്ഷൻ ഹുസൈൻ മേച്ചേരി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. പ്രഭുദാസ്, പ്രതിപക്ഷ നേതാവ് നിസാറലി എന്ന കുട്ട്യാൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
മഞ്ചേരി: മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്ത പോലീസുകാരെ മർദിച്ച് പരിക്കേൽപ്പിച്ച കേസിൽ അധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് നെല്ലിക്കോട്ടെ സ്കൂൾ അധ്യാപകൻ അരീക്കോട് താഴത്തങ്ങാടി പുൽപ്പറന്പൻ റഷാദ് (36) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം.
മഞ്ചേരിയിലെ ബാറിൽനിന്ന് മദ്യപിച്ച് ബൈക്കിൽ പോകവെ മുനിസിപ്പൽ ബസ് ബേ കം ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് ബൈക്ക് മറിയുകയായിരുന്നു. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിപിഒ സുഭാഷ് ഓടിയെത്തി ഇയാളെ എഴുന്നേൽപ്പിച്ചു.
മദ്യപിച്ചതായി മനസിലാക്കിയ പോലീസുകാരൻ ഈ അവസ്ഥയിൽ യാത്ര തുടരാൻ അനുവദിക്കില്ലെന്ന് അറിയിച്ചു.
ഇതിൽ പ്രകോപിതനായ പ്രതി സുഭാഷിനെ മർദിക്കുകയായിരുന്നു. തടയാനെത്തിയ ഹോംഗാർഡ് അബ്ദുൾ ഖയ്യൂമിനും മർദനമേറ്റു. അക്രമാസക്തനായ റഷാദിനെ നാട്ടുകാരുടെ സഹായത്തോടെ ഏറെ പണിപ്പെട്ടാണ് പോലീസ് ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചത്.
പ്രതിയെ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പരിക്കേറ്റ പോലീസുകാർ മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇതിൽ അബ്ദുൾ ഖയ്യൂമിന്റെ പരിക്ക് ഗുരുതരമാണ്.
District News
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കായികകേരളത്തിന്റെ കുതിപ്പിന് കരുത്തു പകരുന്ന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി മലപ്പുറം ജില്ലാ സ്പോർട്സ് കൗണ്സിലിന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന മേധാവികളെ പങ്കെടുപ്പിച്ച് മുഖാമുഖം പരിപാടി സംഘടിപ്പിച്ചു.
ആസൂത്രണസമിതി ഹാളിൽ നടന്ന പരിപാടി മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സ്പോർട്സ് കൗണ്സിലും തദ്ദേശ സ്ഥാപനങ്ങളും സഹകരിച്ച് മികച്ച കായിക കേരളത്തിനായി പരിശ്രമിക്കണമെന്നും തദ്ദേശ സ്ഥാപനങ്ങൾ വഴി കായികപഠനം പ്രൈമറിതലത്തിലും പ്രാവർത്തികമാക്കാൻ യത്നിക്കണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന തലത്തിൽ 830 പഞ്ചായത്തുകളിൽ സ്പോർട്സ് കൗണ്സിലുകൾ രൂപീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള പഞ്ചായത്തുകളിലും ഉടൻ രൂപീകരിക്കും. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയനുസരിച്ച് ഇനി 165 പഞ്ചായത്തുകളിലാണ് കളിക്കളം നിർമിക്കാനുള്ളത്.
തദ്ദേശ സ്ഥാപന മേധാവികളുടെ അപേക്ഷ ലഭിച്ചു കഴിഞ്ഞാലുടൻ ഈ പഞ്ചായത്തുകളിലും ഒരു കോടി രൂപയുടെ കളിക്കളവും ഇതിനോടു ചേർന്ന് സ്പോർട്സ് ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള മുറിയും നിർമിക്കും. 50 ലക്ഷമാണ് കളിക്കളം നിർമിക്കുന്നതിന് സംസ്ഥാന സ്പോർട്സ് കൗണ്സിൽ പഞ്ചായത്തുകൾക്ക് അനുവദിക്കുന്നത്.
ബാക്കി 50 ലക്ഷം എംഎൽഎ-എംപി ഫണ്ട്, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് വഴി തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തണം- മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 1500 കായികാധ്യാപകരുടെ കുറവുണ്ട്. ഇത് പരിഹരിച്ച് വിദ്യാർഥികളുടെ കൃത്യമായ കായിക പരിശീലനം ഉറപ്പാക്കുമെന്നും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 5000 കോടിയുടെ വികസന പ്രവർത്തനങ്ങൾ കായിക മേഖലയിൽ നടപ്പാക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനം നടപ്പാക്കിയ കായിക നയം, സ്പോർട്സ് ഇക്കണോമി എന്നിവ രാജ്യത്തിന് തന്നെ മാതൃകയാണ്.-മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. കളക്ടർ വി.ആർ.വിനോദ് മുഖ്യാതിഥിയായിരുന്നു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ സ്വാതി ചന്ദ്രമോഹൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.അസ് ലു, എൽഎസ്ജിഡി ജോയിന്റ് ഡയറക്ടർ ഇൻ ചാർജ് വി.കെ.മുരളി, ജനകീയാസൂത്രണ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ് എസ്. ജമാൽ, ജില്ലാ സ്പോർട്സ് കൗണ്സിൽ വൈസ് പ്രസിഡന്റ് എം. നാരായണൻ,
സ്പോർട്സ് കൗണ്സിൽ എക്സിക്യൂട്ടീവ് മെംബർ സി. സുരേഷ്, സറ്റേറ്റ് റോളർ സ്കേറ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ.എം. അനിൽകുമാർ, വിവിധ തദ്ദേശ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് പി.ഋൃഷികേശ് കുമാർ സ്വാഗതവും സെക്രട്ടറി വി.ആർ.അർജുൻ നന്ദിയും പറഞ്ഞു.